പണി കിട്ടുമോ? വരുമാനം ഇടിഞ്ഞ് എണ്ണക്കമ്പനികള്‍, പെട്രോള്‍ വില കൂട്ടിയേക്കും
ഇന്ധന വില വര്‍ധിപ്പിക്കാനുള്ള സാധ്യത തെളിയുന്നു പൊതുമേഖല എണ്ണ കമ്പനികളുടെ വരുമാനത്തില്‍ വലിയ നഷ്ടമുണ്ടായതാണ് ഇതിനു കാരണം. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കാത്തതുമാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്.
2024 ആദ്യ പാദത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടായി. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എണ്ണവില കുറച്ചതാണ് കമ്പനികളെ വലിയ രീതിയില്‍ ബാധിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍) തുടങ്ങിയ കമ്പനികളുടെ അറ്റാദായത്തില്‍ 90 ശതമാനം വരെയാണ് കുറവുണ്ടായത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അറ്റാദായത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നതിനാണ് ഏപ്രില്‍-ജൂണ്‍ പാദം സാക്ഷ്യംവഹിച്ചത്. ഇക്കാലയളവില്‍ അറ്റാദായം 3,722.63 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 14,735.30 കോടി രൂപയായിരുന്നു.. ഇന്ധന വില്പനയില്‍ നിന്നുള്ള വരുമാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് ഇത് മൂന്ന് ശതമാനം ഇടിഞ്ഞ് 2.19 ലക്ഷം കോടി രൂപയായി താഴ്ന്നു.
മറ്റൊരു പൊതുമേഖല കമ്പനിയായ ബി.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവില്‍ 2,842.55 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി, മുന്‍വര്‍ഷം ഇത് 6,203.9 കോടി രൂപയായിരുന്നു. വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
പെട്രോള്‍ വില വീണ്ടും ഉയരുമോ
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചിരുന്നു. ഇതിനൊപ്പം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം ശക്തമായതും കമ്പനികളെ ബാധിച്ചു. ക്രൂഡോയില്‍ വില ഉയര്‍ന്നതും, രൂപയുടെ മൂല്യം ഇടിഞ്ഞതും ചെലവ് വര്‍ധിക്കാന്‍ ഇടയാക്കി. വില കൂട്ടാനുള്ള അനുവാദത്തിനായി എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."