ടെസ്‌ലയുടെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് യൂണിറ്റ് ഇന്ത്യയില്‍, പ്ലാന്റിനായി മൂന്ന് സംസ്ഥാനങ്ങള്‍
ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ ഇലോണ്‍ മസ്‌ക് ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ സജീവമാണ്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്‌ലയുടെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാനായി മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പ്രധാനമായും രംഗത്തുള്ളത്. ഇക്കാര്യത്തില്‍ ടെസ്‌ലയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരങ്ങള്‍. ഏത് ശ്രേണിയിലുള്ള ഉത്പന്നങ്ങളാണ് നിര്‍മിക്കുകയെന്നത് പരിഗണിച്ചാകും ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഇന്ത്യന്‍ പ്രാദേശിക വിപണിയെ ലക്ഷ്യം വച്ചുള്ള വിലകുറഞ്ഞ മോഡലുകളാണ് കമ്പനി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലാകും പ്ലാന്റ് സ്ഥാപിക്കുക. അതേസമയം, കയറ്റുമതി ലക്ഷ്യം വച്ച് വലിയ തോതില്‍ നിര്‍മാണം നടത്താനാണ് ലക്ഷ്യമെങ്കില്‍ തമിഴ്‌നാടിന് നറുക്ക് വീഴും. ലോജിസ്റ്റിക് രംഗത്തെ നഷ്ടം നികത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഇളവ് നല്‍കിയാല്‍ പ്ലാന്റ് സ്ഥാപിക്കുക ഗുജറാത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി ചര്‍ച്ചകള്‍ നടത്തിവരുന്നു. മുംബൈ, ന്യൂഡല്‍ഹി നഗരങ്ങള്‍ അടുത്തായതാണ് പൂനെ യെ പരിഗണിക്കാന്‍ കാരണം. 18-25 ലക്ഷം രൂപ നിരക്കില്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനമിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി തമിഴ്‌നാടും പ്ലാന്റിനായി രംഗത്തുണ്ട്. ഇതിനായി സംസ്ഥാനങ്ങള്‍ ടെസ്‌ല പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, ഇലോണ്‍ മസ്‌കിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ യാത്ര മാറ്റിവച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ പുരോഗതി ഇല്ലാതായത്. ടെസ്‌ല കമ്പനിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള അവ്യക്തതയുമാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."