സമൂഹമാധ്യമത്തിലെ സന്ദേശത്തില്‍ കണ്ട പാര്‍ട്ട് ടൈം ജോലി തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 32 ലക്ഷം
കണ്ണൂര്‍: പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് സമൂഹമാധ്യമത്തില്‍ സന്ദേശംകണ്ട് പണം നല്‍കിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി. ഇതില്‍ നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. ആദ്യമാദ്യം നല്‍കുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വന്‍ തുക ആവശ്യപ്പെടുകയും പണം നല്‍കിയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ലാഭമോ മുതലോ തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.
മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ കുര്‍ത്തയുടെ പരസ്യംകണ്ട് വാങ്ങുന്നതിനുവേണ്ടി പണം നല്‍കിയ താവക്കര സ്വദേശിനിക്ക് 2,880 രൂപ നഷ്ടമായി. പണം നല്‍കിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നല്‍കാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.വാട്‌സ് ആപ് നമ്പര്‍ മാത്രമാണ് ബന്ധപ്പെടാന്‍ ഇവര്‍ നല്‍കിയത്. സാധനം ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ആദ്യം സ്റ്റോക്ക് തീര്‍ന്നെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സൈബര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലെ വസ്ത്രത്തിന്റെ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് വേണ്ടി പണം നല്‍കിയ ചൊക്ലി സ്വദേശിക്കും പണം നഷ്ടമായി. 1549 രൂപയാണ് നല്‍കിയത്. പിന്നെ യാതൊരുവിവരവുമില്ല. വസ്ത്രമോ പണമോ നല്‍കാതെ പറ്റിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കരുതെന്നും പൊലിസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതിപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."