ഒരു ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിന്റെ കഥ: സുരേഷിന് സംഭവിച്ചത്
സുരേഷ്, തിരക്കുള്ള ബിസിനസുകാരനാണ്. ഓണ്‍ലൈന്‍ ബാങ്കിംഗ് സംബന്ധിച്ച ചെറിയ തടസ്സം അദ്ദേഹത്തെ കുറച്ച് ദിവസമായി അലട്ടുകയായിരുന്നു. ബാങ്കിന്റെ ഹെല്‍പ്പ് ലൈനില്‍ നിന്ന് പ്രതികരണം ലഭിക്കാത്തതില്‍ നിരാശനായ അദ്ദേഹം തന്റെ പരാതി ബാങ്കിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹം എഴുതി, 'എന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് ആക്‌സസ് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട്. ദയവായി സഹായിക്കുക! 'നിരാശയുടെ നിമിഷത്തില്‍, പെട്ടെന്നുള്ള പ്രതികരണം പ്രതീക്ഷിച്ച് അദ്ദേഹം തന്റെ കോണ്‍ടാക്റ്റ് നമ്പറും കമന്റ് ബോക്‌സില്‍ ഇട്ടു.
അപ്പോഴാണ് അരുണിന്റെ കണ്ണ് സുരേഷിന്റെ കമന്റില്‍ പതിഞ്ഞത്. അരുണ്‍, സൈബര്‍ തട്ടിപ്പുകളില്‍ അഗ്രഗണ്യനായ ഒരു വ്യക്തിയായിരുന്നു. സുരേഷിന്റെ പോസ്റ്റില്‍ ഒരു അവസരം മനസ്സിലാക്കിയ അരുണ്‍, തന്റെ സുഹൃത്തായ സുനിലിന് വിവരം കൈമാറി. സുനില്‍, സൈബര്‍ തട്ടിപ്പുകളില്‍ അതി വിദഗ്ധനാണ്. ഏത് കസ്റ്റമറുടെയും മാനസിക അവസ്ഥ മനസിലാക്കി സംസാരിക്കാന്‍ വൈദഗ്ധ്യമുള്ള, ബഹുഭാഷാ പ്രാവീണ്യമുള്ള മിടുക്കന്‍. 'സുനില്‍, ഞങ്ങള്‍ക്ക് ഒരു ലൈവ് ഉണ്ട്, 'സുരേഷിന്റെ കോണ്‍ടാക്റ്റ് ഡീറ്റൈല്‍സ് സുനിലിന് കൈമാറുമ്പോള്‍ അരുണ്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
സുനില്‍ സമയം പാഴാക്കിയില്ല. സുരേഷിന്റെ ബാങ്ക് ബ്രാഞ്ച് ഏതാണെന്ന് മനസിലാക്കുന്നു, അസി.മാനേജറുടെ പേര് ശേഖരിക്കുന്നു. ബാങ്ക് അസി. മാനേജര്‍ മി. ദേശായിയുടെ റോള്‍ സ്വീകരിച്ച് സുനില്‍ സുരേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. 'ഹലോ, മി. സുരേഷ്. ഇത് നിങ്ങളുടെ ബാങ്കിന്റെ പത്തനാപുരം ശാഖയില്‍ നിന്നുള്ള അസി.മാനേജര്‍ മി. ദേശായിആണ്. ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ നിങ്ങളുടെ പരാതി ഞങ്ങള്‍ ശ്രദ്ധിച്ചു, നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ്... പറയൂ എന്താണ് നിങ്ങളുടെ പ്രശ്‌നം ? '
"കുറേ തവണ ബന്ധപ്പെട്ടിട്ടും മെയില്‍ ചെയ്തിട്ടും മൈന്‍ഡ് ചെയ്യാതിരുന്നവര്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടപ്പോള്‍ പൊള്ളി, നാലാള് അറിഞ്ഞാലേ ഇവരൊക്കെ നേരെ വരൂ..." എന്ന് ആത്മഗതം ചെയ്ത് തന്റെ സീറ്റില്‍, തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ഞെളിഞ്ഞിരുന്നു! അവസാനം തന്റെ പ്രശ്‌നം വിശദീകരിച്ചു: അസി.മാനേജര്‍ മി. ദേശായി എന്ന സുനില്‍, പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് സുരേഷിന് ഉറപ്പുനല്‍കി. 'നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് ആക്‌സസ് പുനഃസ്ഥാപിക്കുന്നതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ KYC വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഉടന്‍ ലഭിക്കുന്ന OTP നല്‍കാമോ?'
താന്‍ ഒരു നിയമാനുസൃത ബാങ്ക് ജീവനക്കാരനോടാണ് സംസാരിക്കുന്നതെന്ന് വിശ്വസിച്ച സുരേഷ് മടിച്ചില്ല. ഒടിപി വന്നയുടന്‍ അസി.മാനേജര്‍ മി. ദേശായിയുമായി പങ്കുവച്ചു. 'നന്ദി, മിസ്റ്റര്‍ സുരേഷ്. അടുത്ത ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും... ഹാവ് എ നെയ്‌സ് ഡേ... ആശംസിച്ച് അസി.മാനേജര്‍ മി. ദേശായിയെന്ന സുനില്‍ കോള്‍ അവസാനിപ്പിച്ചു. ഇതേ നിമിഷം തന്നെ അരുണ്‍ സുനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍, സുരേഷിന്റെ എക്കൗണ്ടിലെ 9,84,025 രൂപ ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റി. സുരേഷിന്റെ അക്കൗണ്ട് കാലിയായി.
കുറച്ച് സമയത്തിന് ശേഷം എക്കൗണ്ട് ശരിയായോ എന്നറിയാന്‍ സുരേഷ് തന്റെ അക്കൗണ്ട് പരിശോധിച്ചു. പകരം, തന്റെ അക്കൗണ്ട് ബാലന്‍സ് സീറോ ആയതാണ് കണ്ടത്. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ സുരേഷ് പരക്കം പാഞ്ഞു. ഉടന്‍ തന്നെ സുരേഷ് തന്റെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ടു, ബാങ്ക് ഒരിക്കലും ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കിയതോടെ സുരേഷ് കുഴഞ്ഞ് വീണു...
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് ഡാര്‍ക് വെബിലെ ഏതോ ക്രിപ്‌റ്റോകറന്‍സിയിലേക്ക് ഇതിനകം മാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു....
ഓർക്കുക:
- ബാങ്കിന്റെ പേരില്‍ വരുന്ന എല്ലാ കോളുകളും വിശ്വസിക്കരുത്: ബാങ്ക് ഒരിക്കലും നിങ്ങളുടെ പാസ്‌വേഡ്, ഒടിപി അല്ലെങ്കില്‍ മറ്റ് സുരക്ഷാ വിവരങ്ങള്‍ ആവശ്യപ്പെടില്ല.
- സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കരുത്: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്.
- രണ്ട് ഘട്ട സ്ഥിരീകരണം (Twofactor authentication) ഉപയോഗിക്കുക: രണ്ട് ഘട്ട സ്ഥിരീകരണം, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കും.
- സംശയം തോന്നിയാല്‍, ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക: എന്തെങ്കിലും സംശയം തോന്നിയാല്‍, നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ബ്രാഞ്ചില്‍ നേരിട്ട് ബന്ധപ്പെടുക.
സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍, ഇവകൂടി ശ്രദ്ധിക്കുക:
പൊതു വൈഫൈ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്തരുത്.
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്യുകയും, സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുകയും ചെയ്യുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പതിവായി പരിശോധിക്കുക
How Suresh fell victim to a sophisticated cyber fraud after sharing his online banking issue on social media. Learn about the dangers of sharing personal information online and how to protect yourself from similar scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."