'പ്രിയനേ... ഗസ്സയിലെ എല്ലാ ധീരരക്തസാക്ഷികളോടും എന്റെ സലാം പറയുക' - ഇസ്മാഈല്‍ ഹനിയ്യയ്ക്ക് വികാരനിർഭരമായ യാത്രാമൊഴിയുമായി ഭാര്യ അമാൽ ഹനിയ്യ
'പ്രിയനേ... ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും എനിക്ക് കൂട്ടായവനേ... പ്രിയനേ, ഗസ്സയിലെ എല്ലാ ധീരരക്തസാക്ഷികളോടും എന്റെ സലാം പറയുക, കുട്ടികളോടും വയോധികരോടുമെല്ലാം പറയുക. നേതാക്കളോടും ഷെയ്ഖ് അഹമ്മദ് യാസിനോടും എന്റെ ആശംസകൾ അറിയിക്കുക. പ്രിയനേ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ കരുണ താങ്കളോട് ഉണ്ടാകട്ടെ, എന്റെ പ്രിയനേ...''
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ അമാൽ ഹനിയ്യ നൽകിയ യാത്രാമൊഴിയാണ് ഇത്. കണ്ടുനിൽക്കുന്നവന്റെ കണ്ണും ഹൃദയവും നിറക്കുന്ന യാത്രമൊഴി. ഗസ്സയുടെ മണ്ണിൽ വീരമൃത്യു വരിക്കുന്ന ഒരു പോരാളിക്ക്, ഭർത്താവിന് ഒരു ഭാര്യക്ക് നൽകാവുന്ന ഹൃദയം നിറഞ്ഞ യാത്ര മൊഴി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിൽ ഖത്തറിലെ ലുസൈലിൽ അദ്ദേഹത്തിന്റെ ഖബറടക്കത്തിന് മുൻപായിരുന്നു അമാൽ വിടചൊല്ലിയത്.
സയണിസ്റ്റുകളുടെ ഗൂഢാലോചനയില്‍ ഇറാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യക്ക് ഖത്തറിലെ ലുസൈലിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബില്‍ ആയിരങ്ങളാണ് ഫലസ്തീന്‍ വിമോചനപോരാളിയെ അന്ത്യയാത്രയാക്കാന്‍ എത്തിയത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി, മറ്റു മന്ത്രിമാര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങിയവര്‍ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിച്ചത്. ഇറാനില്‍ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. രണ്ട് മാസം മുമ്പൊരുക്കിയ ചതിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ വധിക്കാനുള്ള റിമോട്ട് കണ്‍ട്രോളര്‍ ബോംബ് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്നത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."