ടെന്നീസ് കോർട്ടിന് തീപിടിക്കും; ജോക്കോവിച്ചും അൽക്കരാസും മെഡലിയായി നേർക്കുനേർ
പാരിസ്: ഒളിംപിക്‌സ് വേദിയിൽ തീപാറും പോരാട്ടത്തിന് വേദിയാവാനൊരുങ്ങി പുരുഷ ടെന്നീസ് സിംഗിൾസ്. വിംബിൾഡൺ പോരാട്ടത്തിന്റെ തനിയാവർത്തനത്തിന് കളമൊരുക്കി സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചും സ്പാനിഷ് സെൻസേഷൻ കാർലോ അൽക്കരാസും വീണ്ടും നേർക്കുനേർ എത്തിയത്. ഫൈനലിൽ ഇരുവരുടെയും സൂപ്പർ മത്സരം കാണാം.
ആദ്യമായാണ് ഇരുവരും ഒരു ഒളിംപിക്‌സ് മത്സരത്തിന്റെ ഫൈനൽ പോരാട്ടത്തിലേക്ക് വരുന്നത്. നൊവാക് ജോക്കോവിച്ച് കരിയറിൽ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഒളിംപിക്‌സ് മെഡൽ ഇപ്പോഴും കിട്ടാക്കനിയാണ്. ആ കുറവ് ഇത്തവണ നികത്താമെന്ന പ്രതീക്ഷയിലാണ് ജോക്കോ. സെമി പോരാട്ടത്തിൽ ജോക്കോവിച്ച് ഇറ്റലിയുടെ ലൊറെൻസോ മുസെറ്റിയെയാണ് വീഴ്ത്തിയത്. സ്‌കോർ: 6-4, 6-2.
ലോക ടെന്നിസിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുന്ന യംഗ് ടാലന്റ് കാർലോ അൽക്കരാസ് വീണ്ടും ഞെട്ടിക്കുന്നതാണ് ഒളിംപിക്‌സ് വേദിയിൽ ഒരിക്കൽ കൂടി കണ്ടത്. സെമിയിൽ ലെബനൻ താരം ഹാദി ഹബിബിനെ 6-3, 6-1 എന്ന ഏകപക്ഷീയ മേൽകൈയോടെയാണ് അദ്ദേഹം തോൽപ്പിച്ചത്. പിന്നാലെ ഫൈനലിലേക്ക്. കഴിഞ്ഞ രണ്ട് വിംബിൾഡണിലും ജോക്കോയെ വീഴ്ത്തിയതിന്റെ കരുത്തുമായാണ് 21കാരൻ എത്തുന്നത്.
സ്വർണത്തിൽ കുറഞ്ഞ ഒരു മെഡലും ഇരുവരും പ്രതീക്ഷിക്കുന്നില്ല. വിംബിൾഡണിലെ തോൽവിക്ക് കണക്കുതീർക്കാൻ ഇതിഹാസവും കുതിപ്പ് ആവർത്തിക്കാൻ സെൻസേഷനും മത്സരിക്കും. മെഡലിനായി ഇരുവരും പോരാടുമ്പോൾ ഒളിംപിക്‌സിൽ തീപാറും പോരാട്ടം തന്നെ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."