ആഞ്ഞിലിക്ക് പാഴ്‌വില, തടിക്കച്ചവടത്തിലെ മാറുന്ന ട്രെന്‍ഡുകള്‍
വീടു നിര്‍മാണത്തില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിച്ചു പോന്ന ഒരു മരമാണ് ആഞ്ഞിലി. മാത്രമല്ല, തേക്ക് കഴിഞ്ഞാല്‍ കട്ടിളക്കും ജനല്‍പടിക്കുമൊക്കെയായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ആഞ്ഞിലി തടി. വീട്, ഗൃഹോപകരണ നിര്‍മാണത്തില്‍ രാജാവിനെ പോലെ വിലസിയിരുന്ന ആഞ്ഞിലിക്ക് ഇന്ന് തടി വിപണിയില്‍ ഒരു പാഴ് മരത്തിന്റെ ഗതിയാണ്. വിപണിയില്‍ ആഞ്ഞിലിക്ക് വിലയില്ല, വാങ്ങാന്‍ ആളുമില്ല.
തടി കച്ചവടക്കാര്‍ ആഞ്ഞിലിയോട് സ്വീകരിക്കുന്ന നയം ഒരു തരം അവജ്ഞയാണ്. മേല്‍ത്തരം വീടുകള്‍ പണിയുന്നവര്‍ക്കാര്‍ക്കും ഇപ്പോള്‍ ആഞ്ഞിലി വേണ്ട. തേക്കു മതി. തേക്കിന് ഈട് കൂടുതലും കടഞ്ഞെടുക്കാന്‍ എളുപ്പമുള്ളതുമാണ്. ചെലവ് കൂടിയാലും തേക്കാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മധ്യവര്‍ഗക്കാരും ധനികരും ഇന്ന് തേക്ക് തെരഞ്ഞെടുക്കുന്നു. രണ്ടാമത്തെ കാര്യം, വീടു നിര്‍മാണത്തിന് ഇരുമ്പിന്റെ വാതിലും ജനലുമെല്ലാം കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ്. മരപ്പണിയുടെ ചെലവുമായി ഒത്ത് നോക്കുമ്പോള്‍ ഇരുമ്പ് ചട്ടം ആരെയും ആകര്‍ഷിക്കും. ഈര്‍പ്പം അടിക്കാതിരുന്നാല്‍ ഈട് നില്‍ക്കുകയും ചെയ്യും. കാലപ്പഴക്കത്തില്‍ തടിയുടെ ചട്ടത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ ഒന്നും സംഭവിക്കുകയുമില്ല.
നാലഞ്ചു വര്‍ഷം മുമ്പു 100 ഇഞ്ച് വണ്ണമുള്ള, ഉദ്ദേശം 50 അടി നീളമുള്ള ആഞ്ഞിലി തടിക്ക് രണ്ടര ലക്ഷം രൂപ വരെ വില ലഭിച്ചിരുന്നു എന്നാല്‍ ഇന്ന് അതിന് ഒരു ലക്ഷം കിട്ടിയാലായി. 60 ഇഞ്ചു വരെ വണ്ണമുള്ള ആഞ്ഞിലി മരത്തിന് കാതല്‍ പരിഗണിച്ച് മികച്ച വില കിട്ടിയിരുന്നു, എന്നാല്‍ ഇന്ന് 50,000 രൂപ പോലും കിട്ടില്ല എന്ന അവസ്ഥയാണ്. അതിനു താഴെ വണ്ണമുള്ള മരങ്ങള്‍ക്ക് പാഴ്തടിയുടെ പരിഗണന മാത്രമാണുള്ളത്. പുരയിടത്തില്‍ നിന്ന് ഒഴിവാക്കി തരാം എന്ന മട്ടിലാണ് കച്ചവടക്കാര്‍ ആഞ്ഞിലിമരത്തെ സമീപിക്കുന്നത്. വണ്ണമുള്ള മരങ്ങള്‍ പോലും കുറഞ്ഞ വിലക്ക് വാങ്ങുന്നു. സാങ്കേതിക വിദ്യ വികസിച്ചതും, തേക്കിനോടുള്ള പ്രിയം കൂടിയതും ആഞ്ഞിലി കച്ചവടത്തെ സാരമായി ബാധിച്ചു. തേക്കല്ലാതെ ആഞ്ഞിലി തെരഞ്ഞടുക്കുന്നത് പലരുടേയും സ്റ്റാറ്റസിന് കളങ്കമാണെന്നുള്ള ചിന്തയും ആഞ്ഞിലി കച്ചവടത്തെ ദോഷകരമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."