ബാങ്ക് അക്കൗണ്ടില്‍നിന്ന് അജ്ഞാത സംഘം പണംതട്ടി: അക്കൗണ്ട് ഓഫിസര്‍ക്ക് നഷ്ടപ്പെട്ടത് 1.74 ലക്ഷം
ചെങ്ങന്നൂര്‍: സെന്‍ട്രല്‍ സിവില്‍ സര്‍വിസ് മുന്‍ ഉദ്യോഗസ്ഥന്റെ ബാങ്ക് പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് അജ്ഞാത സംഘം പണം തട്ടിയെടുത്തു. കേന്ദ്ര ധനമന്ത്രാലയത്തില്‍ സീനിയര്‍ പേ ആന്‍ഡ് അക്കൗണ്ട് ഓഫിസര്‍ (സി.എ.ഒ) സ്ഥാനത്തുനിന്നു വിരമിച്ച ചെങ്ങന്നൂര്‍ യമുനാനഗര്‍ ആശാരിപറമ്പില്‍ കെ.ജി മാത്യുവിന്റെ പണമാണ് നഷ്ടമായത്.
കനറാ ബാങ്ക് ചെങ്ങന്നൂര്‍ ടൗണ്‍ ശാഖയില്‍ കെ.ജി മാത്യുവിന്റെ പേരിലുള്ള അക്കൗണ്ടില്‍നിന്നുള്ള 1.74 ലക്ഷം രൂപയാണ് അജ്ഞാതര്‍ തട്ടിയെടുത്തത്. ബാങ്ക് വിവരങ്ങള്‍ ഒന്നുംതന്നെ വാങ്ങാതെയാണ് പണം പിന്‍വലിച്ചതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിനു ശേഷമാണ്‌സംഭവം. മാത്യുവിന്റെ കനറാ ബാങ്കിലെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്നു രണ്ടു പ്രാവശ്യമായി 1.74 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.1.49 ലക്ഷം രൂപ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചും 25,000 രൂപ നെറ്റ് ബാങ്ക് വഴിയുമാണ് തട്ടിയെടുത്തത്.
സൈബര്‍ പൊലിസ് അടക്കമുള്ള ഉന്നതാധികാര സ്ഥാനങ്ങളിലും ആര്‍.ബി.ഐ ഓംബുഡ്‌സ്മാനും പരാതി നല്‍കി. വിവരം അറിഞ്ഞ ഉടന്‍തന്നെ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട ബാങ്ക് നടപടിയെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു.
മാത്യുവിന്റെ മൊബൈല്‍ ഫോണില്‍ ബാങ്കിന്റേതായി വന്നുകിടന്ന എസ്.എം.എസ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്.തനിക്കു ലഭിച്ച ഒ.ടി.പിസന്ദേശങ്ങള്‍ തട്ടിപ്പുകാരനുംകിട്ടിയെന്നു മനസിലാക്കാന്‍ കഴിഞ്ഞു. കനറാ ബാങ്കില്‍നിന്ന് എച്ച്.ഡി.എഫ്.സി ബാങ്കിലെ ഏതോ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന സൂചനയും സന്ദേശത്തില്‍നിന്നു ലഭിച്ചു.
പണം നഷ്ടമായെന്നു മനസിലായ ഉടന്‍തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിച്ചു.അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 2.54 ലക്ഷത്തോളം രൂപകൂടി നഷ്ടപ്പെടുമായിരുന്നുവെന്ന് മാത്യു പറയുന്നു. തൊട്ടടുത്ത ദിവസം പണം നഷ്ടപ്പെട്ട വിവരം കാണിച്ച് ബാങ്ക് ശാഖയില്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയും വാദിയെ പ്രതിയാക്കുന്ന സമീപനവുമാണ് ശാഖാ മാനേജരില്‍നിന്നുണ്ടായതെന്നും അദ്ദേഹം പറയുന്നു. തന്റെ അക്കൗണ്ടില്‍നിന്നു മാറ്റിയ പണം എച്ച്.ഡി.എഫ്.സി ബാങ്കിലേക്കാണ് പോയതെന്ന സൂചന പരാതിക്കൊപ്പം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ഇക്കാര്യം പരിശോധിക്കാന്‍ തയാറായില്ലെന്നും മാത്യു ആരോപിച്ചു.
അതേസമയം, ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ഒരു മാസം കാത്തിരിക്കാനും പിന്നീട് അന്വേഷിക്കുമ്പോഴെല്ലാം പണം ഉടന്‍ നിങ്ങളുടെ അക്കൗണ്ടില്‍ വരുമെന്ന സന്ദേശവുമാണ് തുടര്‍ച്ചയായി ലഭിച്ചത്. ഒടുവില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് നാലു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് റിസര്‍വ് ബാങ്കിന്റെ ഓംബുഡ്‌സ്മാനുംസൈബര്‍ പൊലിസ് അടക്കം ബന്ധപ്പെട്ട ഉന്നത അധികാരികള്‍ക്കും മാത്യു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."