'പുത്തുമല' നെഞ്ചുതകർത്തിട്ട് ഇന്നേക്ക് അഞ്ചാണ്ട്
കൽപ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം തീർത്ത മരവിപ്പുകൾക്കിടയിൽ വയനാടിന്റെ നെഞ്ചു തകർത്ത പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് പൂർത്തിയാവുന്നു. സഞ്ചാരികളുടെ സ്വർഗമായ വയനാട്ടിലെ അതിമനോഹരമായ പ്രദേശങ്ങളാണ് ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പലപ്പോഴായി ഉരുളെടുത്തത്.
2019 ഓഗസ്റ്റ് എട്ടിന് വൈകീട്ട് ആറു മണിയോട് അടുത്ത സമയത്താണ് പ്രകൃതിമനോഹരമായ പുത്തുമലയെ ഉരുൾ കവർന്നത്. രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ സാധിക്കാത്ത രീതിയിൽ ഇങ്ങോട്ടുള്ള റോഡിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് വീണു. 17 ജീവനാണ് അന്ന് ഉരുൾ കവർന്നത്. അതിൽ അഞ്ചുപേരിന്നും കാണാമറയത്താണ്. എട്ടിന് രാവിലെ പുത്തുമലയിലെ തോട്ടിലെ ഒഴുക്കിന് അൽപം ശക്തി വർധിച്ചതോടെ നാട്ടുകാർ കുന്നിൻമുകളിലുള്ള സർക്കാർ സ്‌കൂളിലേക്ക് മാറിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത്. മഴക്ക് അൽപം ശമനമുണ്ടായതോടെ വൈകീട്ട് വീടുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിയ ആളുകളെയാണ് പച്ചക്കാട് നിന്നും ഉത്ഭവിച്ച് പുത്തുമലയിലൂടെ ചാലിയാറിലേക്ക് ഒഴുകിയ ഉരുൾ കൊണ്ടുപോയത്.
പച്ചവിരിച്ച് കണ്ണുകളെ മയക്കിയിരുന്ന ഒരു ഗ്രാമം നിമിഷനേരം കൊണ്ട് ചെമ്മണ്ണ് നിറഞ്ഞ ചളിക്കുളമായി മാറി. പിറ്റേന്ന് രാവിലെ പ്രതിബന്ധങ്ങൾ മറികടന്നെത്തിയ രക്ഷാപ്രവർത്തകർ പരുക്കേറ്റവരടക്കം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തി. 12 മൃതശരീരങ്ങൾ വിവിധ ദിവസങ്ങളിലെ തിരച്ചിലിൽ പലയിടത്തു നിന്നായി ലഭിച്ചു. എന്നാൽ 15 ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും ആ ഗ്രാമത്തിലെ അഞ്ചുപേർ ഇപ്പോഴും പുത്തുമല നിവാസികളുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി കാണാമറയത്താണ്. ആ നൊമ്പരങ്ങൾ പേറുന്ന പുത്തുമലയിലാണ് രാജ്യം നടുങ്ങിയ ദുരന്തത്തിന്റെ സ്മാരകംപോൽ, 37 മനുഷ്യ ശരീരങ്ങളും 178 ശരീര ഭാഗങ്ങളും കഴിഞ്ഞ ദിവസം അടക്കിയത്. അതും പുത്തുമലക്കാരുടെ ഏറെ പ്രിയപ്പെട്ടവരായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല നിവാസികളുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."