32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ദുബൈ: കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം (എ.എം.എല്‍) പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യു.എ.ഇ സാമ്പത്തിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.
രാജ്യത്തെ സ്വര്‍ണ മേഖലയുടെ 5 ശതമാനം പ്രതിനിധീകരിക്കുന്ന ഈ റിഫൈനറികളുടെ ലൈസന്‍സുകള്‍ ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്.
സ്വര്‍ണ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന എ.എം.എല്‍ പാലിക്കല്‍ ഉറപ്പാക്കാനായി വില പിടിപ്പുള്ള ലോഹങ്ങളുടെയും രത്‌നക്കല്ലുകളുടെയും വ്യാപാരവും നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഫീല്‍ഡ് പരിശോധനകള്‍ നടത്തിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ റിഫൈനറികളില്‍ നിന്ന് 256 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഈയിടെ ശക്തമാക്കിയിട്ടുണ്ട്. അപകട സാധ്യതകള്‍ തിരിച്ചറിയാന്‍ ആവശ്യമായ നടപടികളും നടപടിക്രമങ്ങളും സ്വീകരിക്കാതിരിക്കല്‍, ആവശ്യമുള്ളപ്പോള്‍ സംശയാസ്പദമായ ഇടപാടിന്റെ റിപ്പോര്‍ട്ട് സാമ്പത്തിക വിവര യൂണിറ്റിനെ അറിയിക്കാതിരിക്കല്‍, ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട പേരുകള്‍ക്കെതിരെ ഉപഭോക്തൃ, ഇടപാട് ഡാറ്റാബേസുകള്‍ പരിശോധിക്കാതിരിക്കല്‍ എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം.
''പണം വെളുപ്പിക്കലിനെ ചെറുക്കാനും ഉത്തരവാദിത്തമുള്ള സ്വര്‍ണ വിതരണ ശൃംഖലയ്ക്കായുള്ള ജാഗ്രതാ നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയം ഏറ്റവും ഉയര്‍ന്ന തലത്തില്‍ പാലിക്കാനുമായി ഒരു സംയോജിത നിയമ നിര്‍മാണ, നിയന്ത്രണ സംവിധാനം വികസിപ്പിക്കുന്നതിന് ഉറച്ച പ്രതിജ്ഞാബദ്ധത യു.എ.ഇ സ്ഥിരീകരിക്കുന്നു'' -യു.എ.ഇ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹ്മദ് അല്‍ സാലിഹ് പറഞ്ഞു.
വിലയേറിയ കല്ലുകള്‍, സ്വര്‍ണ മേഖലകളില്‍ കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കാനും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരെയും ശക്തമായ ഒരു ദേശീയ തൊഴില്‍ സംവിധാനം പ്രദാനം ചെയ്യാനായി ഉത്തരവാദപ്പെട്ട ഉറവിടങ്ങളില്‍ നിന്നുള്ള പ്രക്രിയയ്ക്കായുള്ള ജാഗ്രതാ നിയന്ത്രണങ്ങള്‍ 2022 സെപ്റ്റംബറില്‍ സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരിയില്‍ ഇത് പ്രാബല്യത്തില്‍ വന്നു.
''വിലയേറിയ ലോഹങ്ങളുടെയും രത്‌നങ്ങളുടെയും വ്യാപാരം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയാല്‍ പ്രതിനിധീകരിക്കപ്പെടുന്ന രാജ്യത്തെ നിയുക്ത സാമ്പത്തിക ഇതര ബിസിനസ് മേഖലകളിലും തൊഴിലുകളിലും മേല്‍നോട്ട പങ്ക് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം നിരന്തര ശ്രമങ്ങള്‍ നടത്തി വരികയാണ്.
കോര്‍പറേറ്റ് സേവന ദാതാക്കളുടെ മേഖലയും ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങളും രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ നിര്‍മാണത്തിന് ഏറ്റവും ഉയര്‍ന്ന തോതിലുള്ള അനുസരണം ഉറപ്പാക്കുന്നതിന് പരിശോധന കാമ്പയിനുകള്‍ തീവ്രമാക്കുമെന്നും അല്‍ സാലിഹ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."