ഗ്യാസ് വിതരണം പഴയ സിലിണ്ടറില്‍ അപകടം തൊട്ടടുത്ത്
പയ്യന്നൂര്‍: കാലപഴക്കം കാരണം ഉപേക്ഷിക്കാന്‍ സമയമായ സിലിണ്ടറുകളില്‍ പോലും പാചക വാതകം നിറച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നത് പതിവാകുമ്പോള്‍ ഗ്യാസ് കമ്പനി അധികൃതരോ പൊലിസോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ പഴക്കം ചെന്നതും അപകട സാധ്യത ഏറെയുള്ളതുമായ സിലിണ്ടറുകളില്‍ പാചകവാതകം വിതരണം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സിലിണ്ടറുകളുടെ ഗുണനിലവാരം സംബന്ധിച്ച് വലിയ തിരിച്ചറിവില്ലാത്തവര്‍ വലിയ അപകടങ്ങളിലേക്ക് എത്തിപ്പെടും. സിലിണ്ടറുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകള്‍ ഉണ്ടാകാത്തതാണ് ഇക്കാര്യത്തില്‍ ഏജന്‍സികള്‍ക്ക് അനുഗ്രഹമാകുന്നത്. പാചകവാതക ചോര്‍ച്ച ഗുരുതരമാണെങ്കില്‍ ഫയര്‍ഫോഴ്‌സും നിസഹായരാണ്. പാചകവാതക വിതരണ ഏജന്‍സി ജീവനക്കാരെത്തി പ്രശ്‌നം പരിഹരിക്കല്‍ മാത്രമാണ് ഏകപോംവഴി. സിലിണ്ടറിന്റെ റഗുലേറ്റര്‍ ഭാഗത്താണ് സാധാരണ രീതിയില്‍ ചോര്‍ച്ച ഉണ്ടാകാറെങ്കിലും പഴക്കം ചെന്നവയില്‍ താഴത്തെയും മുകളിലെയും ഭാഗങ്ങള്‍ യോജിപ്പിക്കുന്ന സിലിണ്ടറിന്റെ മധ്യഭാഗത്തും ചോര്‍ച്ച പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം പയ്യന്നൂര്‍ പുതിയങ്കാവിലെ ഉപഭോക്താവിന് ലഭിച്ച സിലിണ്ടറിന് സമാനമായ അവസ്ഥയാണ് ഉണ്ടായത്. പെരുമ്പയിലെ വിതരണ ഏജന്‍സിയില്‍ നിന്നും ലഭിച്ച സിലിണ്ടറിന്റെ മധ്യഭാഗത്തായാണ് ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ചയുള്ള സ്ഥലം എംസീല്‍ കൊണ്ട് അടച്ചനിലയിലായിരുന്നു കാണപ്പെട്ടത്. വാതക ചോര്‍ച്ച തിരിച്ചറിഞ്ഞ ഗൃഹനാഥന്‍ തടിയച്ചേരി പ്രവീണ്‍ കുമാര്‍ സിലിണ്ടര്‍ വീട്ടിനകത്തു നിന്നും മാറ്റി പുറത്തെത്തിച്ച ശേഷം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അസി. സ്റ്റേഷന്‍ ഓഫിസര്‍ ബാലക്ഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സിലിണ്ടറിലെ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര്‍ച്ചയുണ്ടായ ഭാഗം എം സീല്‍ ഉപയോഗിച്ച് അടച്ചതായി കണ്ടെത്തിയത്. സമയോജിതമായി വീട്ടുകാര്‍ ഇടപെട്ടതാണ് വലിയ അപകടത്തില്‍ നിന്നും രക്ഷയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."