കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.
കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂര്‍ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായില്‍ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ ഇന്ത്യന്‍സ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ഐക്കണ്‍ സ്റ്റാര്‍. ടി20 ക്രിക്കറ്റ് ലീഗില്‍ കരുത്തുറ്റ ടീമിനെയാണ് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റര്‍മാര്‍, മൂന്ന് ഓള്‍ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ടൈറ്റന്‍സ് ടീം.
മറ്റു ടീം അംഗങ്ങളും ചെലവഴിച്ച തുകയും-അബിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍-85,000),മോനു കൃഷ്ണ(വിക്കറ്റ് കീപ്പര്‍-1,10,000),ആദിത്യ വിനോദ് (ബൗളര്‍-50000), അനസ് നസീര്‍(ബാറ്റ്‌സ്മാന്‍-50,000), മൊഹമ്മദ് ഇഷാഖ് (ബൗളര്‍-100000), ഗോകുല്‍ ഗോപിനാഥ്(ബൗളര്‍-100000), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍-360000), ഇമ്രാന്‍ അഹമ്മദ്(ഓള്‍ റൗണ്ടര്‍-100000),ജിഷ്ണു എ(ഓള്‍ റൗണ്ടര്‍-190000), അര്‍ജുന്‍ വേണുഗോപാല്‍(ഓള്‍ റൗണ്ടര്‍-100000), ഏഥന്‍ ആപ്പിള്‍ ടോം(ഓള്‍ റൗണ്ടര്‍-200000),വൈശാഖ് ചന്ദ്രന്‍( ഓള്‍ റൗണ്ടര്‍-300000), മിഥുന്‍ പികെ(ഓള്‍റൗണ്ടര്‍-380000),നിതീഷ് എംഡി(ബൗളര്‍-420000), ആനന്ദ് സാഗര്‍( ബാറ്റര്‍-130000),നിരഞ്ചന്‍ ദേവ്(ബാറ്റര്‍-100000).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."