കൊറിയന്‍ അതിഥിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
ദുബൈ: മുന്‍നിര എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബൈ ജി.ഡി.ആര്‍.എഫ്.എ ആരംഭിച്ച 'ഫോര്‍ ദി വേള്‍ഡ്' പദ്ധതിയുടെ ഭാഗമായി കൊറിയയില്‍ നിന്നെത്തിയ അതിഥിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. കൊറിയന്‍ സംസ്‌കാരവും ആതിഥ്യ മര്യാദകളും പരിചയപ്പെടുത്താന്‍ എത്തിയ 'ഇള' എന്ന യുവതിയെയാണ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിലെ (ദുബൈ എമിഗ്രേഷന്‍) ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായി സ്വീകരിച്ചത്.
ദുബൈയിയിലെ കര, നാവിക, വ്യോമ അതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും മനസിലാക്കി കൊടുക്കാനായി കഴിഞ്ഞ ദിവസമാണ് ജി.ഡി.ആര്‍.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ഈ സംരംഭം പ്രഖ്യാപിച്ചത്. ജപ്പാന്റെ സംസ്‌കാരിക രീതികളാണ് ഇതിന്റെ ഭാഗമായി ആദ്യമായി ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
പരമ്പരാഗത കൊറിയന്‍ വസ്ത്രം അണിഞ്ഞെത്തിയ അതിഥിയെ ജിഡിആര്‍എഫ്എ ജീവനക്കാര്‍ ആവേശത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചു. സ്മാര്‍ട്ട് ഗേറ്റ് ഏരിയ, പാസ്‌പോര്‍ട്ട് നിയന്ത്രണ ഭാഗങ്ങള്‍, കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടര്‍ തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ സന്ദര്‍ശനം നടത്തി.
തുടര്‍ന്ന്,അവര്‍ കൊറിയന്‍ സംസ്‌കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളുമായി ഇടപഴകാനും യു.എ.ഇയിലെ ഊര്‍ജ്ജസ്വലരായ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും സ്റ്റാഫ് അംഗങ്ങള്‍ക്ക് ഈ സംരംഭം അവസരമൊരുക്കുന്നുവെന്നും, മുന്‍നിര ജീവനക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിഥികളെ അവരുടെ ആതിഥ്യ രീതിയില്‍ സ്വാഗതം ചെയ്യാനും ഈ പദ്ധതി ഏറെ സഹായിക്കുമെന്നും അല്‍ മര്‍റി പ്രത്യാശിച്ചു.
വിവിധ രാജ്യങ്ങള്‍, ആചാരങ്ങള്‍, സംസ്‌കാരങ്ങള്‍, ജനജീവിതം എന്നിവ മനസിലാക്കി സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സംരംഭം വഴിയൊരുക്കുമെന്നും സാംസ്‌കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബൈയെ സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളിലാകും ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തുക. ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, സംസ്‌കാരം, ആശയ വിനിമയ രീതികള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കും. ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും ദുബൈയുടെ ആതിഥ്യം ആസ്വദിക്കാനും യാത്ര അവിസ്മരണീയമാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.ഡി.ആര്‍.എഫ്.എയുടെ ഈ പദ്ധതി, ലോകത്തെ വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനും അതിഥികളെ ആദരിക്കാനുമുള്ള മികച്ച സംരംഭമാണ്. ദുബൈയെ ലോകത്തിലെ ഏറ്റവും ആതിഥ്യ മനോഭാവമുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പരമപ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."