പൊതുഗതാഗതം: മുന്‍ നിരയില്‍ മെട്രോ തന്നെ; ആറുമാസംകൊണ്ട് 361 ദശലക്ഷം യാത്രക്കാര്‍
ദുബൈ: എമിറേറ്റിലെ പൊതുഗതാഗതത്തിന്റെ മുന്‍ നിരയില്‍ തന്നെ മെട്രോ എന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ഈ വര്ഷം ആദ്യ 6 മാസത്തിനിടെ മൊത്തം യാത്രക്കാരുടെ 37 ശതമാനം വരുമിതെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 361.2 ദശലക്ഷമായി. 2023ലെ അതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 6 ശതമാനം വര്‍ധനയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
മെട്രോ, ട്രാം, പൊതു ഗതാഗത ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടാക്‌സികള്‍, ഇഹെയില്‍ വാഹനങ്ങള്‍, സ്മാര്‍ട്ട് റെന്റല്‍ വാഹനങ്ങള്‍, ഓണ്‍ ഡിമാന്‍ഡ് ബസുകള്‍ എന്നിവയാണ് ആര്‍.ടി.എയുടെ പൊതു ഗതാഗത ഉപാധികള്‍.
2023ലെ 1.88 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ പ്രതിദിന ശരാശരി റൈഡര്‍മാരുടെ എണ്ണം 1.98 ദശലക്ഷത്തിലെത്തി.
പൊതുഗതാഗത യാത്രക്കാരുടെ ഏറ്റവും വലിയ പങ്ക് ദുബൈ മെട്രോയും ടാക്‌സികളുമാണ്. മെട്രോയ്ക്ക് 37 ശതമാനവും ടാക്‌സികള്‍ക്ക് 27 ശതമാനവും യാത്രക്കാരുള്ളതായി ആര്‍.ടി.എ ഡയരക്ടര്‍ ജനറലും ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. 24.5 ശതമാനം യാത്രക്കാര്‍ പബ്ലിക് ബസുകളുള്ളതാണ്. 2024 ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ 65 ദശലക്ഷം. ബാക്കിയുള്ള മാസങ്ങള്‍ 53 മുതല്‍ 63 ദശലക്ഷം വരെയാണ്.
മെട്രോ സ്റ്റേഷനുകള്‍ ഏറ്റവും തിരക്ക് ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ 2024ന്റെ ആദ്യ പകുതിയില്‍ 133 ദശലക്ഷം യാത്രക്കാരെ വഹിച്ചു. ബുര്‍ജുമാന്‍, യൂണിയന്‍ സ്റ്റേഷനുകളിലായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍. ഇത് യഥാക്രമം 7.8 ദശലക്ഷവും 6.3 ദശലക്ഷവുമാണ്.
റെഡ് ലൈനില്‍ 6.2 ദശലക്ഷം ഉപയോക്താക്കളുള്ള അല്‍ റിഗ്ഗ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. 5.6 ദശലക്ഷവുമായി മാള്‍ ഓഫ് ദി എമിറേറ്റ്‌സും, 5.2 ദശലക്ഷവുമായി ബിസിനസ് ബേയും തൊട്ടു താഴെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ഗ്രീന്‍ ലൈനില്‍ 4.7 മില്യണ്‍ ഉപയോക്താക്കളുമായി ഷറഫ് ഡിജി സ്റ്റേഷന്‍ ഒന്നാം സ്ഥാനത്തും, 4.1 മില്യണ്‍ ഉപയോക്താക്കളുമായി ബനിയാസ് സ്റ്റേഷനും 3.3 മില്യണ്‍ ഉപയോക്താക്കളുമായി സ്റ്റേഡിയം സ്റ്റേഷനും രണ്ടും മൂന്നും സ്ഥാനങ്ങളിലും നിലകൊള്ളുന്നുവെന്നും അല്‍ തായര്‍ വ്യക്തമാക്കി. മറ്റു പൊതുഗതാഗത ഉപാധികള്‍ ദുബൈ ട്രാം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4.5 ദശലക്ഷം യാത്രക്കാരെ വഹിച്ചു. പൊതു ബസുകളില്‍ 89.2 ദശലക്ഷവും, സമുദ്ര ഗതാഗത്തിലൂടെ 9.7 ദശലക്ഷവുമാണ്.
ഇഹെയ്ല്‍ വാഹനങ്ങള്‍, മണിക്കൂര്‍ വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍, ഓണ്‍ ഡിമാന്‍ഡ് ബസുകള്‍ എന്നിവ ഉള്‍പ്പെടെ ഷെയറിങ് മൊബിലിറ്റി മുഖേന 27.8 ദശലക്ഷം യാത്രക്കാരെ എത്തിച്ചു. ഈ വര്ഷം ആദ്യ പകുതിയില്‍ ദുബൈയിലെ ടാക്‌സികള്‍ 97 ദശലക്ഷം യാത്രക്കാരെ വഹിച്ചു.
'റോഡുകളുടെയും പൊതുഗതാഗതത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളിലും ആര്‍.ടി.എ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പൊതു, പങ്കാളിത്ത ഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ആര്‍.ടി.എ മേധാവി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."