പ്രവാസികള്‍ക്ക് തിരിച്ചടി, വിമാന നിരക്കുകള്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് കമ്പനികള്‍
അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിമാന കമ്പനികള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. നിലവിലുള്ള നിരക്കുകളില്‍ നിന്ന് അഞ്ചിരട്ടി വരെയാണ് വര്‍ധനവ്്. അടുത്ത ആഴ്ച മുതല്‍ ടിക്കറ്റുകള്‍ക്ക് പുതിയ നിരക്ക് ഈടാക്കാനാരംഭിക്കും. മലയാളികള്‍ ഏറെയുള്ള യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ്.
വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ പ്രവാസികള്‍ വെട്ടിലായി. ഓഗസ്റ്റ് ആദ്യവാരത്തില്‍ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റിന് അടുത്ത ആഴ്ച മുതല്‍ 50,000 രൂപ വരെ നല്‍കേണ്ടിവരും. നേരത്തെ 15,000 രൂപക്ക് താഴെയായിരുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റുകളുടെ പുതിയ നിരക്ക് മുപ്പതിനായിരം രൂപ മുതല്‍ 60,000 രൂപ വരെയാണ്. ഒരു ലക്ഷം രൂപയുടെ അടുത്താണ് ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ പുതുക്കിയ നിരക്ക്. സെപ്റ്റംബര്‍ മാസം അവസാനം വരെ ഈ ഉയര്‍ന്ന നിരക്ക് തുടരും എന്നാണ് അറിയുന്നത്. ഓണക്കാലത്ത് നാട്ടില്‍ വന്ന് മടങ്ങുന്ന പ്രവാസികളെ നിരക്ക് വര്‍ധന സാരമായി ബാധിക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരമാണ് ഗള്‍ഫ് നാടുകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം നാലു പേരുള്ള ഒരു കുടുംബത്തിന് വണ്‍വേ ടിക്കറ്റ് മാത്രമായി രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരും.
പുതുക്കിയ നിരക്കുകള്‍ പ്രകാരം വിമാന കമ്പനികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ്. കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും നിരക്കുകള്‍ കുറവാണ്. യു.എ.ഇയിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 42,000 രൂപയും കണ്ണൂരില്‍ നിന്ന് 35,200 രൂപയും നെടുമ്പാശേരിയില്‍ നിന്ന് 36,000 രൂപയുമാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 36,300 രൂപയാണ് നിരക്ക്. ഖത്തറിലേക്ക് കോഴിക്കോട് നിന്ന് 40,200 രൂപ ഈടാക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ ഇത് 39,000 രൂപയും, കണ്ണൂരില്‍ 37,000 രൂപയും, തിരുവനന്തപുരത്ത് 38,100 രൂപയുമാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈനുകളിലെ നിരക്ക്. സൗദി അറേബ്യയിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇത് 44,000 രൂപയും നെടുമ്പാശ്ശേരിയില്‍ നിന്ന് 41,200 രൂപയും തിരുവനന്തപുരത്തുനിന്ന് 41,420 രൂപയും കണ്ണൂരില്‍ നിന്ന് 41,240 രൂപയുമാണ് സഊദി യിലേക്കുള്ള നിരക്ക്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് 38,430 രൂപ ചിലവു വരുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് 36,320 രൂപയും തിരുവനന്തപുരത്തു നിന്ന് 36,000 രൂപയുമാണ്. സീസണില്‍ കോഴിക്കോട് വിമാനത്താവളം വഴി ഗള്‍ഫ് യാത്രക്കാരുടെ എണ്ണം കൂടുന്നതിനാലാണ് നിരക്ക് ഉയരുന്നത് എന്നാണ് എയര്‍ലൈന്‍ മേഖലയിലെ പ്രമുഖര്‍ വ്യക്തമാക്കുന്നത്.
Airlines are increasing flight prices by up to five times, taking advantage of the surge in demand from expats returning home. Check out the latest developments and how this trend affects travel costs for expats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."