6000 ടണ്‍ റബര്‍ ഇറക്കുമതിക്കൊരുങ്ങി കമ്പനികള്‍, ആശങ്കയോടെ കര്‍ഷകര്‍
കേരളത്തില്‍ റബര്‍വില റെക്കോഡ് നിലയിലേക്ക് എത്തിയെങ്കിലും കര്‍ഷകരുടെ ആശങ്ക ഒഴിയുന്നില്ല. കണ്ടെയ്‌നര്‍ ക്ഷാമം മൂലം ഇറക്കുമതി നിലച്ചതും ആഗോള വ്യാപകമായി ഉത്പാദനം കുറഞ്ഞതുമായിരുന്നു വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. ഇറക്കുമതി വീണ്ടും സജീവമാകുന്നതിലുടെ ഇന്ത്യന്‍ വിപണിയില്‍ റബറിന്റെ ലഭ്യത കൂടുകയും തല്‍ഫലമായി വില കുറയുകയും ചെയ്യും. അടുത്ത ദിവസം 6,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. അതേസമയം കൂടുതല്‍ ഇറക്കുമതിക്കായി ടയര്‍ നിര്‍മാതാക്കള്‍ നീക്കം നടത്തുന്നുണ്ട്. താമസിയാതെ ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ വന്‍കിട ടയര്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇത് പ്രാദേശിക റബര്‍വിലയെയും സാരമായി ബാധിക്കും.
റബര്‍ വില 250ന് അടുത്തെത്തിയതോടെ കര്‍ഷകര്‍ കൈയിലുള്ള ചരക്കുകള്‍ വിറ്റഴിക്കുകയാണ്. മഴ കുറഞ്ഞതോടെ തോട്ടങ്ങള്‍ സജീവമാകുകയും മിക്കയിടത്തും പൂര്‍ണ തോതില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുമുണ്ട്. റബര്‍വില ഉര്‍ന്നത് തോട്ടം തൊഴിലാളികള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്, ടാപ്പിംഗ് കൂലി വര്‍ധിച്ചു. റബറിന്റെ വില കുറഞ്ഞ സമയത്ത് ഈ മേഖലയോട് വിട പറഞ്ഞ പലരും വില ഉയര്‍ന്നതോടെ വീണ്ടും സജീവമായി.
റബര്‍ വില കുതിച്ചുയര്‍ന്നത് ടയര്‍ കമ്പനികളെ കാര്യായി ബാധിച്ചു, കമ്പനികളുടെ ലാഭത്തില്‍ വലിയ ഇടിവുണ്ടായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒട്ടുമിക്ക കമ്പനികള്‍ക്കും ലാഭം കുറഞ്ഞു. റബര്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ റബര്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. ഇറക്കുമതിയില്‍ ആനുകൂല്യം നല്‍കണമെന്നാണ് ടയര്‍ കമ്പനികളുടെ ആവശ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത് ടയര്‍ നിര്‍മാണത്തിനാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."