ഹജ്ജ് കമ്മിറ്റിയുടെ കാലാവധി തീർന്നു; പുതിയ സാരഥികൾ അടുത്ത മാസം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു. സി. മുഹമ്മദ് ഫൈസി ചെയർമാനായുള്ള കമ്മിറ്റിയുടെ കാലാവധിയാണ് കഴിഞ്ഞത്. 2021 മുതൽ മൂന്ന് വർഷമായിരുന്നു കാലാവധി. ഒരു എം.പി, രണ്ട് എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് ജനപ്രതിനിധികൾ, മൂന്ന് മതപണ്ഡിതർ, സംഘടന പ്രതിനിധികൾ, സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ, ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫിസർ ഉൾപ്പടെ 16 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
ഇതിൽ വഖ്ഫ് ബോർഡ് ചെയർമാൻ, ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫിസർ (മലപ്പുറം ജില്ലാകലക്ടർ) ഒഴികെ 14 പേരേയും സർക്കാരാണ് പ്രഖ്യാപിക്കുന്നത്.
2012 ലെ ചട്ടപ്രകാരം ഒരാൾക്ക് തുടർച്ചയായി മൂന്ന് തവണ കമ്മിറ്റി അംഗമാവരുത്. ഇതോടെ നിലവിലെ ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക് അടുത്ത കമ്മിറ്റിയിൽ അംഗമാവാൻ കഴിയില്ല. കഴിഞ്ഞ രണ്ട് തവണയും അദ്ദേഹം കമ്മിറ്റിയിലുണ്ടായിരുന്നതിനാലാണിത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധി കൂടിയാണ് നിലവിൽ സി. മുഹമ്മദ് ഫൈസി.
പുതിയ കമ്മിറ്റി അടുത്ത മാസത്തോടെ സർക്കാർ പ്രഖ്യാപിക്കും. ഇൗ അംഗങ്ങളിൽ നിന്നായിരിക്കും ചെയർമാനെ കണ്ടെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."