വെള്ളക്കെട്ട്: വെള്ളേരി പാലത്തിങ്ങലിലൂടെ യാത്ര ദുഷ്കരം
അരീക്കോട്: ചെറിയ മഴ ചാറിയാല്‍ മതി കടുങ്ങല്ലൂര്‍-വെള്ളേരി പാലത്തിങ്ങലിലൂടെയുള്ള യാത്ര മുടങ്ങാന്‍. റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടാണു ഇതിനു കാരണം.
അരീക്കോട് -കൊണ്ടോട്ടി സംസ്ഥാന പാതയില്‍ വെള്ളേരി പാലത്തിങ്ങലിലാണു 200 മീറ്ററോളം റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്.
അരമീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനും സാധിക്കുന്നില്ല. സ്ത്രീകളും വിദ്യാര്ത്ഥികളുമടങ്ങുന്നവരാണു പ്രധാനമായും ഇവിടെ പ്രയാസം നേരിടുന്നത്. അരീക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും വെള്ളത്തില്‍ മുങ്ങി കിടക്കുകയാണു.
വെള്ളം ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നാട്ടുകാര്‍ റോഡിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴി എടുത്തിരുന്നെങ്കിലും കുഴി നിറഞ്ഞതോടെ റോഡ് വീണ്ടും ചളിപ്പുഴ ആയിരിക്കുകയാണ്.
പാലത്തിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സഹകരണ ബാങ്കിലേക്കെത്താന് വസ്ത്രം പൊക്കിപിടിച്ച് വെള്ളക്കെട്ടിലൂടെ നടന്ന് നീങ്ങേണ്ട അവസ്ഥയാണുള്ളത്.
റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച സമയത്ത് ഓവുചാലിലൂടെ വെള്ളം ഒഴുക്കിയിരുന്നെങ്കിലും പിന്നീട് സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഓവുചാല്‍ അടഞ്ഞതാണു റോഡില്‍ വെള്ളം കെട്ടിനില്ക്കാന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."