വായിലെ കാന്‍സറിന് മലയാളിയുടെ വെര്‍ജിന്‍ വെളിച്ചെണ്ണ അദ്ഭുതം സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലുമായി ഗവേഷകര്‍
മലയാളിയുടെ അടുക്കളയില്‍ എന്തില്ലെങ്കിലും വെളിച്ചെണ്ണ ഉണ്ടാവും. വെളിച്ചണ്ണയ്ക്ക് മലയാളി കൊടുക്കുന്ന സ്ഥാനം അത്രയ്ക്കും വലുതാണ്. നമുക്ക് പാചകം ചെയ്യാനും തലയില്‍ തേക്കാനും മുഖത്തു തേക്കാനും എന്നുവേണ്ട എല്ലാത്തിനും കുഞ്ഞുമക്കള്‍ക്കുവരെ വെന്ത വെളിച്ചെണ്ണയും തേങ്ങാപാലുമുള്‍പ്പെടെ നമ്മള്‍ ഉപയോഗിക്കുന്നവരാണ്. മലയാളികള്‍ക്ക് തേങ്ങയും വെളിച്ചെണ്ണയുമൊന്നുമില്ലാതെ ജീവിക്കുക അസാധ്യം.
ശരീരത്തെ പോഷിപ്പിക്കുന്നതിനും ക്ഷീണം ഇല്ലാതാക്കുന്നതിനും രസം, രക്തം മുതലായ സപ്തധാതുക്കളെ പോഷിപ്പിക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. വാത,പിത്ത രോഗങ്ങളെ ഇല്ലാതാക്കുകയും പൂപ്പലുകളെ നശിപ്പിക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും.
മാത്രമല്ല ചില ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കുന്നു. ഇപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വായിലെ കാന്‍സര്‍ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്കു കഴിയുമെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.
ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 62 രോഗികളില്‍ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ രോഗനിയന്ത്രണത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ പിന്തുണയോടെയാണ് പഠനം. കാന്‍സര്‍ ബാധിതരും കാന്‍സറിനു കാരണമായ മുറിവുള്ള 62 ആളുകളെ 2 വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.
ഒരു വിഭാഗത്തിനു വെളിച്ചെണ്ണ ദിവസം 4 നേരം കവിള്‍കൊള്ളാന്‍ നല്‍കും. ഇവരുടെ മുറിവ് വേഗത്തില്‍ ഭേദപ്പെടുകയും ചെയ്തു. കാന്‍സറിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവര്‍ക്കു രോഗവ്യാപനത്തില്‍ കാര്യമായ കുറവുള്ളതായി പരിശോധനയില്‍ വ്യക്തമായി.
വായിലെ മുറിവുകള്‍ കാന്‍സറായി മാറുന്നത് പൂര്‍ണമായി തന്നെ തടയാനും ഒന്നും രണ്ടും ഘട്ടത്തിലുള്ള ഇത്തരം കാന്‍സറിന്റെ വ്യാപനം തടയാനും വെര്‍ജിന്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നതിലൂടെ കഴിയുമെന്നാണ് കണ്ടെത്തല്‍. മാത്രമല്ല, ഇനി വെര്‍ജിന്‍ വെളിച്ചെണ്ണ ഓയിന്‍മെന്റായി പുരട്ടാനുള്ള ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."