സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല, അവശ്യ സർവിസ് മാത്രം
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ, മെഡിക്കൽ കോളേജ് ഒ.പികൾ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല.
മെഡിക്കൽ കോളേജ് ആശുപത്രികളിലും മറ്റു ആശുപ്രത്രികളും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. അവശ്യ സർവ്വീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും. കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം.
Doctors in Kerala will go on a 24-hour strike from 6 am on Sunday to protest the murder of a young doctor in Kolkata. The strike will affect government, private, and medical college OPs, but emergency services and treatment of admitted patients will continue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."