എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍; മാനേജര്‍മാര്‍ മേളകള്‍ ബഹിഷ്‌കരിക്കും
മലപ്പുറം: എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാരോപിച്ചു ജില്ലയിലെ മാനേജ്‌മെന്റ് സ്‌കൂളുകള്‍ കലാ-കായിക-ശാസ്ത്ര മേളകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു മാനേജര്‍മാരുടെ വിവിധ സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനും ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ നിയമങ്ങള്‍ക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വിരുദ്ധമായി അപ്രായോഗിക വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നത് എന്നാരോപിച്ചാണു മേളകള്‍ ബഹിഷ്‌കരിക്കാന്‍ മാനേജര്‍മാരുടെ തീരുമാനം.
പൊതുവിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി സേവനം ചെയ്തു വരുന്ന എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും വകുപ്പു മന്ത്രി ചര്‍ച്ചക്കു തയ്യാറാകണമെന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ വര്‍ഷത്തെ സ്‌കൂള്‍, കലാ-കായിക-ശാസ്ത്ര മേളകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനും സ്ഥലസൗകര്യങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും ഇന്നലെ മലപ്പുറത്തു ചേര്‍ന്ന യോഗം തീരുമാനിച്ചു. 2016-17 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവിറക്കുക, നിയമപ്രകാരം നിയമനം ലഭിച്ച അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുക, പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുപാതികമായി എം.ജി അനുവദിക്കുക, മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് എയ്ഡഡ് വിദ്യാലയങ്ങളെയും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും മാനേജര്‍മാരുടെ സംഘടനയായ എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ടി.ടി ബീരാവുണ്ണി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ അഹമ്മദ്കുട്ടി പാറാള്‍ മമ്പാട്ട്മൂല അധ്യക്ഷനായി. ഡോ.സ്വാമി സ്വപ്രകാശാനന്ദ, നാസര്‍ എടരിക്കോട്, സൈനുല്‍ ആബിദ് പട്ടര്‍കുളം, കെ.ടി ചെറിയ മുഹമ്മദ്, ബിജു മേലാറ്റൂര്‍, റംല താളിപ്പാടം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."