ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും തുടങ്ങി; തടസങ്ങള്‍ മറികടക്കുമെന്ന് യു.എസ്
ദോഹ/വാഷിങ്ടണ്‍: ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് വീണ്ടും ദോഹയില്‍ ചര്‍ച്ച തുടങ്ങി. ഇതുവരെ ഈജിപ്തിലെ കെയ്‌റോയിലായിരുന്നു ചര്‍ച്ച നടന്നിരുന്നത്. വ്യാഴാഴ്ചയാണ് ചര്‍ച്ച തുടങ്ങിയത്. ഇന്നലെ കൂടുതല്‍ കാര്യങ്ങള്‍ ഇരു വിഭാഗം പ്രതിനിധികളുമായി മധ്യസ്ഥര്‍ ആരാഞ്ഞു. നേരത്തെ പലതവണ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് വീണ്ടും സ്ഥിരം വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് ചര്‍ച്ച നടത്തുന്നത്.
നേരത്തെ ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിച്ച സംഘടനാ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ട ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. ആക്രമണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് യു.എസ് വ്യക്തമാക്കി. യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരം വെടിനിര്‍ത്തലാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി നേരത്തെ ബൈഡന്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പദ്ധതി പലതവണ ചര്‍ച്ച ചെയ്ത് തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം കൂടി ബൈഡനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈഡന് പകരം കമലാ ഹാരിസാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കമല അധികാരമേല്‍ക്കും മുന്‍പ് സ്ഥിരം വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്.
ചര്‍ച്ച വീണ്ടും തുടങ്ങിയകാര്യം സ്ഥിരീകരിച്ച യു.എസ് എന്തു തടസവും ഇത്തവണ മറികടക്കുമെന്ന് വ്യക്തമാക്കി. തടസങ്ങളെ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താല്‍ക്കാലിക വെടിനിര്‍ത്തലിനോട് താല്‍പര്യമില്ലെന്നും സ്ഥിരം വെടിനിര്‍ത്തലിനെ കുറിച്ച് മാത്രമേ ചര്‍ച്ചയുള്ളൂവെന്നുമാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഇസ്‌റാഈലിലും ശക്തമാണ്.
അതേസമം, വെടിനിര്‍ത്തലിനെ തടസപ്പെടുത്താന്‍ ഇസ്‌റാഈല്‍ ശ്രമിക്കുന്നതായും ഗസ്സയില്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ടെന്നും ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ഹൊസാം ബദ്‌റാന്‍ പറഞ്ഞു.
ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇസ്‌റാഈലിനെ പ്രതിനിധീകരിച്ച് മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ, ആഭ്യന്തര സുരക്ഷാ മേധാവി റോനെന്‍ ബാര്‍, സൈനിക പ്രതിനിധിനിത്‌സാന്‍ അലോണ്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, ഈജിപ്ത് ഇന്റലിജന്‍സ് മേധാവി അബ്ബാസ് കാമല്‍, വൈറ്റ്ഹൗസ് സി.ഐ.എ ഡരക്ടര്‍ ബില്‍ ബേണ്‍സ്, യു.എസിന്റെ പശ്ചിമേഷ്യന്‍ അംബാസഡര്‍ ബ്രെട്ട് മാക്ഗ്രക് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."