അൽഐൻ പുസ്തകോത്സവം: രജിസ്ട്രേഷൻ സെപ്റ്റംബർ 19 വരെ -ഒരാഴ്ചക്കകം പവലിയനുകളുടെ 75% ബുക്ക് ചെയ്‌തു
അൽഐൻ: ഈ വർഷം നവംബർ 18 മുതൽ 24 വരെ അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അൽ ഐൻ പുസ്തകോത്സവ രജിസ്ട്രേഷൻ സെപ്തംബർ 19 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ കാലയളവ് തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ പവലിയനുകളുടെ 75% ബുക്കു ചെയ്‌തു കഴിഞ്ഞു.
പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും ലക്ഷ്യമിട്ട് ഈ മാസം16-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന പ്രദർശകർക്കും പങ്കെടുക്കുന്നവർക്കും അൽ ഐൻ പുസ്തകോത്സത്തിന്റെ ചരിത്രത്തിൽ ആദ്യമായി 10% കിഴിവ് നൽകിയതായി സംഘാടകരായ അബൂദബി അറബിക് ലാംഗ്വേജ് സെൻ്റർ (എ.എൽ.സി) പറഞ്ഞു.
ഈ പുസ്തക മേള വൈവിധ്യമാർന്ന പരിപാടികളിലൂടെ പബ്ലിഷിങ് ഹൗസുകളുമായുള്ള പങ്കാളിത്തം വർധിപ്പിക്കാനും ധാരാളം അവസരങ്ങൾ നൽകാനും ലക്ഷ്യമിടുന്നതായി എ.എൽ.സി എക്‌സിക്യൂട്ടിവ് ഡയരക്ടർ സഈദ് ഹംദാൻ അൽ തുനൈജി പ്രസ്താവിച്ചു.
ഇമാറാത്തി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും അറബി ഭാഷയുടെ നില ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് ആഘോഷിക്കുന്ന വാർഷിക പരിപാടിയാണ് അൽ ഐൻ പുസ്തകോത്സവം.
കഴിഞ്ഞ വർഷത്തെ പുസ്തകോത്സവം 150 പ്രദർശകരെയും 95,000 സന്ദർശകരെയും ആകർഷിച്ചു. കൂടാതെ, 500-ലധികം ശിൽപശാലകളും കുട്ടികൾക്കും യുവാക്കൾക്കുമായി വിദ്യാഭ്യാസ ഷോകളും വിനോദ പരിപാടികളും ഉൾപ്പെടെ 400 ആക്ടിവിറ്റികളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."