വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും.
കേസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കും. കഴിഞ്ഞദിവസം, സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
രാജ്യമൊട്ടാകെ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷ സാധ്യതാ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത ആര്‍.ജി കാര്‍ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് നിര്‍ദേശം നല്‍കി. ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.
ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ പുറത്തിറക്കിയ ഉത്തരവില്‍ വിശദമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."