കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: അമ്പാടി മുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പി.ജയരാജന്റെ വിശ്വസ്തന്‍
കണ്ണൂര്‍: കാഫിര്‍ പോസ്റ്റ് ഷെയര്‍ ചെയ്ത അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സി.പി.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തന്‍. മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിന്‍. നിലവില്‍ ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗവും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമായ മനീഷ് ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവര്‍ഷത്തോളം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തയാളാണ്. ഇപ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്.
പോസ്റ്റ് ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്‌ക്രീന്‍ഷോട്ട് ലഭിക്കുകയും ഉടന്‍തന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാള്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
കാഫിര്‍ വിവാദത്തില്‍ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്‌ഐ നേതാവാണ് മനീഷ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.
സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പിന്നാലെ റിബേഷിന് പൂര്‍ണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ പേരില്‍ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളും, ലീഗ്, കോണ്‍ഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറല്‍ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. വിവാദ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാമായി നല്‍കാമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതായിരുന്നു പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."