സ്കോളർഷിപ്പുകളും വിലപ്പെട്ട സമ്മാനങ്ങളുമായി ഷാർജ കോപ് 'ബാക്ക് ടു സ്‌കൂൾ' കാംപയിൻ
ഷാർജ: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എല്ലാ സ്‌കൂൾ സാമഗ്രികളും നൽകാനായി സെപ്റ്റംബർ 8 വരെ 'ബാക്ക്-ടു-സ്‌കൂൾ' കാംപയിൻ തുടരുമെന്ന് ഷാർജ കോപറേറ്റീവ് സൊസൈറ്റി (ഷാർജ കോപ്) പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ, പ്രത്യേകിച്ചും ഗോൾഡ് കാർഡ് ഉടമകളെയും കോപ്പിന്റെ ഓഹരിയുടമകളെയും ‘മൈ കോപ്’ ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള കോപ്പിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാംപയിൻ.
ഇതിന്റെ ഭാഗമായി, ഷോപർമാർക്ക് ഷാർജ കോപ് ഓഫർ ചെയ്യുന്ന 20 സ്കോളർഷിപ്പുകളിലൊന്ന് കരസ്ഥമാക്കാനുള്ള അവസരത്തിനൊപ്പം, കംപ്യൂട്ടറുകൾ, ഐപാഡുകൾ, മറ്റ് വിലയേറിയ സമ്മാനങ്ങൾ എന്നിവ സ്വന്തമാക്കാനും സാധിക്കും. “ബാക്ക് ടു സ്‌കൂൾ കാലയളവിൽ മാതാപിതാക്കൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഷാർജ കോപ് അവർക്ക് ആവശ്യമായതെല്ലാം നൽകും. വിജയകരമായ ഒരു സ്കൂൾ വർഷത്തിനായി അവരുടെ കുട്ടികളെ സജ്ജമാക്കുന്നതിനായി സ്റ്റേഷനറികളും സ്കൂൾ ബാഗുകളും മുതൽ വിദ്യാർഥികൾക്ക് ദിവസേന ആവശ്യമായ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങളും മുഖ്യ ഭക്ഷണവും വരെ ഉയർന്ന നിലവാരമുള്ള വിവിധ ഉൽപ്പന്നങ്ങൾ മത്സര വിലയിൽ കോപ് വാഗ്ദാനം ചെയ്യുന്നുവെന്ന് സി.ഇ.ഒ മാജിദ് അൽ ജുനൈദ് പറഞ്ഞു.
തങ്ങളുടെ 'മൈ കോപ്' ലോയൽറ്റി പ്രോഗ്രാമിലൂടെ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കാനും പങ്കാളിത്തത്തിൻ്റെയും സഹകരണത്തിന്റെയും മനോഭാവം പ്രോത്സാഹിപ്പിക്കാനും കാംപയിൻ ലക്ഷ്യമിടുന്നു. കൂടാതെ, തങ്ങളുടെ പ്രത്യേക ഓഫറുകളിലൂടെ രക്ഷിതാക്കൾക്ക് അവരുടെ എല്ലാ സ്കൂൾ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള പ്രാഥമിക ലക്ഷ്യ സ്ഥാനമായി മാറാനും ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാംപയിൻ കാലയളവിൽ ഷാർജ കോപ് 1,000ത്തിലധികം വ്യത്യസ്ത സ്റ്റേഷനറി ഇനങ്ങളും സ്‌കൂൾ ബാഗുകളും ഉൾപ്പെടെ, ബാക്ക്-ടു-സ്‌കൂൾ അനുബന്ധ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.
ജ്യൂസുകൾ, പഴങ്ങൾ, ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർഥികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണ ഉൽപന്നങ്ങളും ഓഫറുകളിൽ ഉൾപ്പെടുന്നു. യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ (എ.യു.എസ്) പോലുള്ള സർവകലാശാലകളിൽ ഷാർജ കോപ്പിന് ശാഖകളുണ്ട്. ആരോഗ്യകരമായ ഭക്ഷണവും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രത്യേക ഉൽപന്നങ്ങളും എത്തിക്കുന്നു.
200,000ത്തിലധികം ഭക്ഷ്യ-ഭക്ഷണ ഇതര ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ, ഓൺലൈൻ സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ഷോപ്പിങ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഷാർജ കോപ്പ് അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്നും അധികൃതർ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."