പുതിയ അധ്യയന വർഷത്തില്‍ ചില സർക്കാർ ജീവനക്കാർക്ക് ആദ്യദിനം 'സ്‌കൂളിൽ ജോലി'
ദുബൈ: പുതിയ അധ്യയന വർഷത്തിൽ ചില സർക്കാർ ജീവനക്കാർക്ക് സ്‌കൂളിലെ ആദ്യ ദിവസം തന്നെ തങ്ങളുടെ കുട്ടികളെ കാമ്പസുകളിലേക്ക് കൊണ്ടുപോകാനും വിടാനും അനുവദിക്കുന്ന സൗകര്യപ്രദമായ (ഫ്ലെക്സിബിൾ) ജോലി സമയം അനുവദിച്ചു. നഴ്സറിയിലും കിൻ്റർഗാർട്ടനിലും കുട്ടികളുള്ളവർക്ക് അധ്യയന വർഷത്തിൻ്റെ ആദ്യ ആഴ്ച മുഴുവൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്.എ.എച്ച്.ആർ) ഇന്നലെ പ്രഖ്യാപിച്ചതാണിത്.
രക്ഷാകർതൃ-അധ്യാപക മീറ്റിങ്ങുകൾ മുതൽ ബിരുദ ദാന ചടങ്ങുകൾ വരെ വർഷം മുഴുവനുമുള്ള പ്രധാന പരിപാടികൾക്ക് ഈ സൗകര്യപ്രദമായ ജോലി സമയം ബാധകമാകുമെന്നാണ് അറിയുന്നത്. മുഴുവൻ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എഫ്.എ.എച്ച്.ആർ ഇതുസംബന്ധിച്ച അറിയിപ്പ് നൽകി. എന്നാൽ, ഈ സമയം മൂന്ന് മണിക്കൂറിൽ കൂടരുതെന്നു നിബന്ധനയുണ്ട്. അതേസമയം, ഈ മണിക്കൂറുകളെ ഒറ്റ സമയത്തേക്ക് യോജിപ്പിക്കാം. അല്ലെങ്കിൽ, രാവിലെയും വൈകുന്നേരവുമായി വിഭജിക്കാം.
പ്രൈമറി ഗ്രേഡിലും അതിനു മുകളിലുമുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് സ്‌കൂളിലെ ആദ്യ ദിവസത്തെ ഇപ്രകാരമായുള്ള പ്രവൃത്തി സമയമായി കണക്കാക്കി അനുമതി നൽകുന്നതാണ്. യോഗ്യതയുള്ള അധികാരികൾ നിശ്ചയിച്ച സ്കൂൾ പാഠ്യ പദ്ധതി അനുസരിച്ച് സ്കൂൾ ആരംഭിക്കുന്ന ദിവസങ്ങളിലെ വ്യത്യാസം ജീവനക്കാർ കണക്കിലെടുക്കണം. നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായും ഡയരക്ടറുടെ അംഗീകാരത്തോടെയുമാണ് ഇങ്ങനെ സൗകര്യപ്രദമായ ജോലി സമയം അനുവദിക്കപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."