എല്ലാ ഇത്തിള്‍കണ്ണികളെയും പുഴുക്കുത്തുകളേയും നിയമത്തിന് മുന്നിലെത്തിക്കണം; സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്ന് എ.കെ ബാലന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളില്‍ പൊലിസ് അന്വേഷണം നടന്നാലേ എഫ്.ഐ.ആര്‍ ഇടാന്‍ പറ്റൂവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിള്‍ക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ബാലന്‍ പറഞ്ഞു.
കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികമായും പ്രശ്‌നമുണ്ട്. കോടതി തന്നെ പറഞ്ഞത് ചില കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ അഡ്രസ് ചെയ്യേണ്ടതായിട്ടുണ്ടെന്നാണ്. അതില്‍ സര്‍ക്കാരിന്റെ അഭിപ്രായമാണ് അവര്‍ തേടിയത്. അതുകൊണ്ടാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇടണമെന്നത് കോടതി പറയാതിരുന്നത്. ഉമ്മന്‍ചാണ്ടിക്കേസില്‍ സുപ്രിംകോടതി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്, കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി വെളിവാക്കപ്പെട്ട മൊഴികളെ അടിസ്ഥാനപ്പെടുത്തി കേസ് എടുക്കാന്‍ പാടില്ലെന്ന്. പ്രതിപക്ഷ നേതാവ് അതുകൊണ്ടാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഇടാന്‍ പറയാത്തത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി എഫ്.ഐ.ആര്‍ ഇടാന്‍ പ്രതിപക്ഷ നേതാവ് പറയുമോ'- എകെ ബാലന്‍ ചോദിച്ചു.
കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന സെപ്റ്റംബര്‍ പത്തോടെ ഇതില്‍ ഒരു തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ എന്‍ജിന്‍ ഒരു ഭാഗത്തും കോച്ച് മറ്റൊരു ഭാഗത്തുമാണ്. ഇതിനെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്. സര്‍ക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."