മികച്ച സേവനങ്ങൾ: എമിഗ്രേഷൻ ജീവനക്കാർക്ക് 'റെപ്യൂട്ടേഷൻ അംബാസഡേഴ്സ് പ്രോഗ്രാം'
ദുബൈ: ദുബൈയിലെ എമിഗ്രേഷൻ ജീവനക്കാർക്ക് മാറ്റങ്ങളോടൊപ്പം പുതിയ വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ പ്രയോജനപ്പെടുന്ന 'റെപ്യൂട്ടേഷൻ അംബാസഡേഴ്സ് പ്രോഗ്രാം' എന്ന പേരിൽ പരിശീലന പരിപാടി ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ദുബൈയിലെ പ്രമുഖ സർക്കാർ സ്ഥാപനമെന്ന നിലയിൽ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് പരിശീലന പരിപാടി നടത്തുന്നത്. ഡയരക്ടറേറ്റിന്റെ പ്രശസ്തിയും കോർപറേറ്റ് ഐഡന്റിറ്റിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി.
സ്ഥാപനപരമായ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പരിശീലന സെഷനുകൾ, വർക്ക് ഷോപ്പുകൾ, മിനി ഇവൻ്റുകൾ എന്നിവ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. സ്ഥാപനപരമായ മൂല്യങ്ങളുടെ ആശയങ്ങൾ, തൊഴിൽ അന്തരീക്ഷത്തിലെ ആപ്ലിക്കേഷൻ മെക്കാനിസങ്ങൾ, പോസിറ്റിവ് തൊഴിൽ അന്തരീക്ഷത്തിനുള്ളിൽ സക്രിയമായ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഫലപ്രദമായ ആശയ വിനിമയ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ പരിശീലനം പ്രോഗ്രാമിന്റെ ഭാഗമായി നൽകും.
കോർപറേറ്റ് മൂല്യങ്ങളോടുള്ള പ്രതിബദ്ധത വർധിപ്പിക്കാനും ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉയർന്ന സേവന വിതരണ നിലവാരം ഉയർത്തിപ്പിടിക്കാനും ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നു.
ആശയ വിനിമയ ശേഷികൾ വികസിപ്പിക്കുക, ടീം വർക്ക് പ്രോത്സാഹിപ്പിക്കുക, നല്ല തൊഴിലന്തരീക്ഷം വളർത്തുക, സ്ഥാപനത്തിന്റെ നേതാക്കളും അംബാസഡർമാരുമാവാൻ ജീവനക്കാരെ ശാക്തീകരിക്കുക എന്നിവയിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതോടൊപ്പം തന്നെ, ഡയരക്ടറേറ്റിന്റെ പ്രതിച്ഛായ കൂട്ടാനുള്ള ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആശയ വിനിമയത്തിലൂടെ നവീകരണവും മെച്ചപ്പെടുത്തലും നടപ്പാക്കുന്നതിലൂടെയും തുടർ വികസനത്തിൻ്റെ സംസ്കാരം വളർത്തിയെടുക്കാൻ പ്രോഗ്രാം വഴി സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നു ദുബൈ എമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."