രാജ്യം യുവാക്കളിൽ വിശ്വസിക്കുന്നു: ശൈഖ് നഹ്‌യാൻ
അബൂദബി: രാജ്യത്തിൻ്റെ യഥാർത്ഥ സമ്പത്തും നവോത്ഥാന നിർമാ താക്കളുമായ ഇമാറാത്തി യുവാക്കളിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ വിശ്വസിക്കുന്നുവെന്ന് യു.എ.ഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രിയും സന്ദൂഖ് അൽ വതൻ ഡയരക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ.
ജുസൂർ ഇൻ്റർനാഷനൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൻ്റെ ബിരുദധാരികളെ സ്വീകരിക്കുന്ന ചടങ്ങിലാണ് ശൈഖ് നഹ്‌യാന്റെ പ്രഖ്യാപനം.
കഠിനാധ്വാനം, നിശ്ചയ ദാർഢ്യം, സ്ഥിരോത്സാഹം, ആത്മവിശ്വാസം, മാനുഷിക മൂല്യങ്ങളോടുള്ള മാന്യമായ അനുസരണ എന്നിവ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അസാധ്യമായതിനെ കീഴടക്കുന്നതിനുമുള്ള പാതയാണെന്ന് സ്ഥാപക പിതാവായ ശൈഖ് സായിദിൽ നിന്ന് മനസിലാക്കിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഈ പാത പിന്തുടർന്ന് ലോകത്ത് പലർക്കും കൈവരിക്കാനാകാത്ത നവോഥാനത്തിൻ്റെയും വളർച്ചയുടെയും സമൃദ്ധിയുടെയും തലത്തിലേക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് രാജ്യത്തെ നയിച്ചുവെന്നും വ്യക്തമാക്കി.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.എ.ഇ പുരോഗതിയുടെ മാതൃകയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രകാശ ഗോപുരവുമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖലീഫ യൂനിവേഴ്‌സിറ്റിയിലെ 10, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയിലെ 10, ഹയർ കോളജ് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള മൂന്ന്, ഷാർജ അമേരിക്കൻ യൂനിവേഴ്‌സിറ്റിയിലെ രണ്ട് എന്നിങ്ങനെ 25 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സന്ദൂഖ് അൽ വതൻ പ്രോഗ്രാമിൻ്റെ പരിശീലകരും സംഘാടകരും പരിപാടിയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."