ഉണ്യാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: ജില്ലാപഞ്ചായത്ത്
മലപ്പുറം: ഇരു രാഷ്ടീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാല്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു ജില്ലാ പഞ്ചായത്ത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി നിരപരാധികളാണു രാഷ്ടീയ സംഘര്‍ഷത്തിനിരയാകുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടു മുസ്‌ലിംലീഗ് നിറമരുതൂര്‍ ഡിവിഷന്‍ അംഗം വി.പി സുലൈഖ അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷങ്ങള്‍ ഐക്യകണ്‌ഠ്യേന പാസാക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തു സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ ടീച്ചര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു പ്രദേശത്തെ ദുരവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി മേഖലയിലെ 27 സ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണു മേഖലയിലുള്ളവര്‍ ജീവിക്കുന്നത്. സംഘര്‍ഷത്തിന്റെ ഭാഗമായി സാമ്പത്തികനഷ്ടം സംഭവിച്ചവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര സാമ്പിത്തിക സഹായം ലഭ്യമാക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യം നേരിടുന്നതിനു വെന്റിലേറ്റര്‍ സംവിധാനമില്ലാത്ത മഞ്ചേരി മെഡിക്കല്‍ കോളജില്‍ സംവിധാനമൊരുക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിനു പുറമേ ജില്ലയിലെ ജനറല്‍ ആശുപത്രി, മറ്റു ജില്ലാ ആശുപത്രികളിലും ഈ സൗകര്യം ഒരുക്കണം. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സെയ്ത് ആണ് ഇതു സംബന്ധിച്ചു യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
ഇതിനു ജില്ലാ പഞ്ചായത്തു മുന്‍കൈ എടുക്കുമെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാറിന്റെ സഹായം തേടുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. യോഗത്തിനു ശേഷം ജില്ല പഞ്ചായത്ത് ജി.എച്ച്.എച്ച്.എസ്.എസ്.അരിമ്പ്ര, പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകള്‍ക്കനുവദിച്ച ബസിന്റെ താക്കോല്‍ വിതരണം ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."