തീച്ചൂടിൽ ആശ്വാസമായി യു.എ.ഇയിൽ വീണ്ടും മഴ, ആലിപ്പഴ വർഷം
ദുബൈ: പൊള്ളുന്ന ചൂടിനിടയിലും യു.എ.ഇ നിവാസികൾക്ക് ആശ്വാസം പകാർന്ന് വീണ്ടും ആലിപ്പഴ വർഷം. ചില പ്രദേശങ്ങളിൽ മഴയും ആലിപ്പഴ വർഷവുമുണ്ടായപ്പോൾ, മറ്റ് ചില ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റടിച്ചു. ഷാർജയിലെ മലീഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിൽ കനത്ത മഴ യാണ് പെയ്തതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പറഞ്ഞു. ചില കിഴക്കൻ പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച്ചയോടൊപ്പം ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കാറ്റടിച്ചു അന്തരീക്ഷത്തിൽ പൊടി നിറയുന്നതിനാൽ ദൃശ്യപരത കുറയുമെന്ന സൂചനയും നൽകിയിട്ടുണ്ട്. കൂടാതെ, കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു വാദികൾക്ക് സമീപത്തു നിന്നും മാറിനിൽക്കാനും അധികൃതർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്നും പല സ്ഥലങ്ങളിലും മഴ പെയ്യാനിടയുണ്ട്.
ഇടിമിന്നലോട് കൂടിയ മഴ, പൊടി/മണൽ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മഴ കണക്കിലെടുത്തു മുൻകരുതൽ എടുക്കാനും വാദികളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും മാറി നിൽക്കാനും എക്‌സിലെ ഒരു പോസ്റ്റിൽ അബൂദബി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകി.
ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദമാണ് യു.എ.ഇയിൽ വേനൽ മഴയുണ്ടാവാൻ കാരണം. നേരത്തെ, ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്നലെ ഉച്ച 1.15 മുതൽ രാത്രി 8 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു. ഖദൈറയിലെ ആലിപ്പഴ വർഷത്തിന്റെയും ഹത്തയിലേക്കുള്ള അൽ വതൻ റോഡിലെ കനത്ത മഴയുടെയും വിഡിയോകൾ എൻ.സി.എം സ്റ്റോം സെൻ്റർ പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."