കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
മലമ്പുഴ: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തി. 226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ വെള്ളിയാഴ്ചയുണ്ടായിരുന്നത് 82.6460 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. അഞ്ചു വര്‍ഷം മുന്‍പ് 2011 ല്‍ ഇതേദിവസം 216.2890 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നു ശേഖരം. ( 376.90 അടി ജലനിരപ്പ്). 2012 ല്‍ 357.30 അടിയും 2013 ല്‍ 376.85 അടിയും 2014 ല്‍ 371.50 അടിയും 2015 ല്‍ 362.30 അടിയുമായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവാണ് ജലനിരപ്പ് കുറയാന്‍ പ്രധാനകാരണം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശരാശരി 1384 മില്ലീമീറ്റര്‍ മഴ 2011ല്‍ ലഭിച്ചെങ്കില്‍ ഇത്തവണ കിട്ടിയത് 1151 മില്ലിമീറ്റര്‍ മാത്രം. മഴ കുറഞ്ഞ കഴിഞ്ഞ വര്‍ഷം പോലും 1255.1 മില്ലീമീറ്റര്‍ കിട്ടിയിരുന്നു. ജലസംഭരണിയുടെ പ്രധാന സ്രോതസായ ഒന്നാംപുഴ, കവറക്കുണ്ട്, ചെറുപുഴ, മയിലാടിപ്പുഴ, തൊടുങ്ങാപ്പാറ പുഴ, കാപ്പിത്തോട്ടം തോട്, വേലാമ്പൊറ്റ പുഴ, കരിമ്പുഴ എന്നിവയിലൊന്നും ഇത്തവണ കുത്തൊഴുക്കുണ്ടായില്ല. പല പുഴകളും ഇപ്പോള്‍ തന്നെ വരണ്ടുകഴിഞ്ഞു.
ജില്ലയിലെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള അണക്കെട്ടാണ് മലമ്പുഴ. പാലക്കാടിന്റെ കാര്‍ഷികമേഖലയെ പ്രത്യേകിച്ച് നെല്‍കൃഷി മലമ്പുഴ വെള്ളത്തെ ആശ്രയിച്ചാണ്. ഒന്നാംവിളയ്ക്ക് സാധാരണ മലമ്പുഴ വെള്ളത്തെ ആശ്രയിക്കാറില്ലെങ്കിലും ഇത്തവണ വേണ്ടിവരുമെന്ന് ആശങ്കയുണ്ട്. രണ്ടാംവിള പൂര്‍ണമായും മലമ്പുഴ വെള്ളത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ഇടതു-വലതു കനാലുകള്‍ വഴി 63.68 കിലോമീറ്റര്‍ വെള്ളമെത്തുന്നുണ്ട്. 21,349 ഹെക്ടര്‍ കൃഷിഭൂമിയില്‍ മലമ്പുഴ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നു.
ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ് കനാലുകളിലൂടെ വെള്ളം വിടുക. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കുടിവെള്ളത്തിന്റെ കാര്യത്തിലും ഗുരുതര സ്ഥിതിയാണുള്ളത്. പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, പുതുശ്ശേരി എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഫെബ്രുവരി എത്തിയാല്‍ തന്നെ വെള്ളത്തില്‍ ചളികലര്‍ന്ന് മലിനമാകുക പതിവാണ്. കടുത്ത വേനലായതു കൊണ്ട് ഇത്തവണ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ക്ക് കുടിവെള്ളം തുറന്നുവിട്ടിരുന്നു. തുടര്‍ന്ന് അണക്കെട്ടില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. 328 അടിവെള്ളം മാത്രമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."