50 ദിർഹത്തിന് ലാപ്‌ടോപ്പ്? യുഎഇയിലെ ഈ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ വാങ്ങാം
ഷാർജ: ലാപ്‌ടോപ്പുകൾ പണ്ടത്തെ പോലെ ജോലി സംബന്ധമായി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. വിദ്യാർഥികളുടെ ബാക്ക്-ടു-സ്‌കൂൾ ആവശ്യങ്ങളുടെ ഭാഗമായി ലാപ്‌ടോപ്പുകൾ മാറിയിരിക്കുന്നു. പേനയും പുസ്തകവും യൂണിഫോമും വാങ്ങുന്ന കൂട്ടത്തിൽ തങ്ങളുടെ കുട്ടികൾക്ക് ലാപ്ടോപ്പും ഒരെണ്ണം വാങ്ങേണ്ട അവസ്ഥയിലാണ് യുഎഇ രക്ഷിതാക്കൾ. എന്നാൽ രക്ഷിതാക്കൾക്ക് ആശ്വാസമായി ഷാർജ മാർക്കറ്റിൽ 50 ദിർഹം വരെ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പുകൾ വാങ്ങാനാകും.
ഷാർജ എമിറേറ്റിൻ്റെ വ്യാവസായിക മേഖലകളായ 2, 3, 5, 6 എന്നിവയുടെ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന 'യൂസ്ഡ് ലാപ്‌ടോപ്പ് മാർക്കറ്റ്' ആണ് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പുകൾ കണ്ടെത്താൻ കഴിയുന്ന മികച്ച ഇടം. ഗാഡ്‌ജെറ്റുകളിൽ മികച്ചത് നോക്കി നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഉപയോഗിച്ച ലാപ്‌ടോപ്പുകൾ ആണെങ്കിലും മികച്ച ഗുണമേന്മയുള്ളതാണ് ലാപ്‌ടോപ്പുകൾ.
ലാപ്ടോപ്പുകളുടെ വിലയിൽ വ്യത്യാസമുണ്ടെങ്കിലും കുറഞ്ഞ നിരക്ക് 50 ദിർഹം മുതലാണെന്ന് റോയൽ യൂസ്ഡ് കംപ്യൂട്ടേഴ്സിൻ്റെ സെയിൽസ് ഹെഡ് ഷാനവാസ് പറഞ്ഞു. നല്ല നിലയിലുള്ള ഒരു ഉപയോഗിച്ച Chromebook വെറും 50 ദിർഹത്തിന് വാങ്ങാം. ബ്രാൻഡ്, സവിശേഷതകൾ, ഉപകരണം നിർമ്മിച്ച വർഷം എന്നിവയെ ആശ്രയിച്ച് വിലകൾ 300 ദിർഹം വരെ ഉയരാം - അദ്ദേഹം പറയുന്നു.
എന്നാൽ, കുറഞ്ഞ വിലകൾ എൻട്രി ലെവൽ മോഡലുകൾക്ക് മാത്രമല്ല. ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ പോലും ഇവിടെ വില കുറവാണ് എന്നതാണ് പ്രത്യേകത. 6, 7 തലമുറ (Generation) ബ്രാൻഡഡ് ലാപ്‌ടോപ്പുകളുടെ വില 200 ദിർഹം മുതൽ ആരംഭിക്കുന്നു. എട്ടാം തലമുറ മോഡലുകൾ, സ്പെസിഫിക്കേഷനുകൾ അനുസരിച്ച് വില 300 ദിർഹം മുതൽ ആരംഭിക്കുന്നു. 9-ാം തലമുറ ലാപ്‌ടോപ്പുകൾക്ക്, സ്പെസിഫിക്കേഷനും നിർമ്മാണവും അനുസരിച്ച് വീണ്ടും 350 ദിർഹം മുതൽ വില ആരംഭിക്കുന്നു. 12-ാം തലമുറ ലാപ്‌ടോപ്പുകൾക്ക് 900 ദിർഹമാണ് വില.
കുട്ടികളുടെ അക്കാദമിക് കാര്യങ്ങൾക്കായി ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ തേടുന്ന രക്ഷിതാക്കൾക്ക്, വിപണിയിൽ ചില മികച്ച ഓഫറുകൾ ഉണ്ട്.
കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ കാരണമെന്ത്?
ഈ ലാപ്‌ടോപ്പുകൾ യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും എത്തുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ, ലാപ്‌ടോപ്പുകൾ പുതിയ മോഡലുകൾ ഇറങ്ങുന്നതോടെ പഴയവ മാറ്റിവാങ്ങാറുണ്ട്. ഒരു വർഷം മാത്രമേ ഇത്തരം ലാപ്‌ടോപ്പുകൾ പരമാവധി ഉപയോഗിക്കാറുള്ളൂ. ഈ ഗാഡ്‌ജെറ്റുകൾ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അത്തരത്തിൽ എത്തുന്നതാണ് ഇവിടെ വിൽക്കുന്നത്. അതിനാൽ ലാപ്‌ടോപ്പുകൾ അവയുടെ യഥാർത്ഥ വിലയേക്കാൾ 50 ശതമാനം മുതൽ 70 ശതമാനം വരെ കുറച്ചാണ് ഇവിടെ വിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."