നിങ്ങള്‍ക്ക് അമിത ദേഷ്യം വരാറുണ്ടോ? എങ്കില്‍ നിയന്ത്രിച്ചോളു..., അല്ലെങ്കില്‍ പണിപാളും
മനുഷ്യ വികാരങ്ങളില്‍ ഒന്നാണ് ദേഷ്യം. ദേഷ്യപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ചെറിയ കാര്യത്തിനു പോലും അമിതമായി ദേഷ്യപ്പെടുന്നവരാകും ചിലയാളുകള്‍. ദേഷ്യം കൂടുമ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുകയും അല്ലെങ്കില്‍ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് നിയന്ത്രിക്കുക തന്നെ വേണം. കാരണം ദേഷ്യം ശരിക്കും ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓര്‍ക്കുക.
കുറച്ച് സമയം ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ചു പറഞ്ഞിട്ടുള്ളത്. ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
ചെറിയ ദേഷ്യം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നതായി ഗവേഷകര്‍ പറയുന്നുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്റര്‍, യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍, ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
280 ആരോഗ്യമുള്ള മുതിര്‍ന്നവരിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവരെ നാലുഗ്രൂപ്പുകളായി തിരിക്കുകയും അവരില്‍ ദേഷ്യം ഉണര്‍ത്തുന്ന സംഭവങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും കോപം വന്നതിനു ശേഷമുള്ള രക്തപ്രവാഹവും സമ്മര്‍ദ്ദവും അളക്കുകയും ചെയ്തു.
ദേഷ്യം വന്നവരില്‍ രക്തക്കുഴലില്‍ കാര്യമായ മാറ്റം വന്നതായി ഗവേഷകര്‍ കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. കുറച്ച് മിനിറ്റു പോലും ദേഷ്യപ്പെടുന്നത് ഹൃദയാഘാതം സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അമിത ദേഷ്യം കാര്‍ഡിയോവാസ്‌കുലര്‍ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."