ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍; കളക്ടര്‍മാരും ഓഫിസുകളും വരും; പ്രഖ്യാപനവുമായി കേന്ദ്രം
ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍. നിലവില്‍ ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണ് ലഡാക്കിലുള്ളത്.
വികസിതവും സമൃദ്ധവുമായ ഒരു ലഡാക്ക് കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് പിന്തുടരുന്നതിന്റെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശത്തില്‍ അഞ്ച് പുതിയ ജില്ലകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്ന് അമിത്ഷായുടെ കുറിപ്പില്‍ പറയുന്നു. ലഡാക്കിലെ ജനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ഭരണത്തിനായുള്ള ചുവടുവെപ്പാണിതെന്ന് മോദിയും പ്രതികരിച്ചു.
2019ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."