തൊഴിലുറപ്പില്‍ വിജയം രചിച്ച് പട്ടിത്തറയില്‍ ചെണ്ടുമല്ലിത്തോട്ടം പൂവണിഞ്ഞു
ആനക്കര: അഞ്ചേക്കര്‍ പൂകൃഷിയിലൂടെ പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ വിജയത്തിന്റെ പരിമളം വീശുന്നു. പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ വേനല്‍ക്കാല ജൈവ പച്ചക്കറി രംഗത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 40 ഏക്കര്‍ സ്ഥലത്ത് പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്ത് വിപണനത്തിന് സ്വന്തം ചന്തയൊരുക്കി വേറിട്ട മാതൃക സൃഷ്ടിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി ഓണം വിപണി ലക്ഷ്യമാക്കി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളി സംഘങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിത്തോട്ടങ്ങള്‍ പൂവണിഞ്ഞു.
പ്രാദേശികമായി ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ഓണത്തിന്റെ നൊസ്റ്റാള്‍ജിയ ചൂഷണം ചെയ്യുന്ന തരത്തില്‍ പൂവിപണി മലയാളിയെ വട്ടം കറക്കുകയായിരുന്നു ഇതുവരെയും.
ഓണത്തിനപ്പുറം സ്ഥിരം വിപണിയിലേക്ക് പൂക്കള്‍ നല്‍കാവുന്ന തരത്തില്‍ പൂക്കള്‍ ഇപ്പോള്‍ ഇവിടെ ലഭ്യമാണ്. മറ്റു വിവിധ പൂക്കളുടെ കൂടി വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ചെയ്യുന്നതിനുള്ള ആത്മവിശ്വാസത്തിലാണ് തൊഴിലാളി സംഘങ്ങള്‍. പട്ടിത്തറ കൃഷി ഭവന്റെ പൂര്‍ണ പിന്തുണയും കൂടെയുണ്ട്.
നിരവധി ലേബര്‍ ഗ്രൂപ്പുകളിലൂടെ പട്ടിത്തറ പഞ്ചായത്തില്‍ തരിശുഭൂമികളില്‍ രണ്ടാം ഹരിത വിപ്‌ളവം നടത്തുകയാണ് തൊഴിലുറപ്പ് പദ്ധതിയും തൊഴിലാളി സംഘങ്ങളും. എവിടെയോ കൈമോശം വന്ന നമ്മുടെ കാര്‍ഷിക സംസ്‌കാരം കൂട്ടായ്മകളിലൂടെ ഒത്തൊരുമിച്ച് തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം മണ്ണിനെ സ്‌നേഹിക്കുന്ന ഒരു തലമുറയുടെ മണ്ണിലേക്കുള്ള തിരിച്ചുപോക്കിനു കൂടി സാക്ഷ്യം വഹിക്കലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."