വീട്ടില്‍ നിന്ന് വ്യായാമം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ തെറ്റുകള്‍ മാരകമായ പരിക്കുകള്‍ക്കു കാരണമാകും
പല ആളുകളും വീട്ടില്‍ നിന്നുതന്നെ വ്യായാമം ചെയ്യാറുണ്ട്. ഇത് സൗകര്യപ്രദവും ചെലവ് കുറവാണെന്നതുമാണ് ഇതിന്റെ ഒരു കാരണം. എന്നാല്‍ കൃത്യമായ മേല്‍നോട്ടമില്ലാതെ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അബദ്ധങ്ങളും സംഭവിക്കാം.
ഇത് ചിലപ്പോള്‍ ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകും. പേശീവേദന, കാല്‍മുട്ട് അല്ലെങ്കില്‍ സന്ധി വേദന പോലുള്ളവ ഉണ്ടായേക്കാം. വീട്ടില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ തടയാമെന്ന് നോക്കാം.
വാം അപ് ചെയ്യാതെയാണ് പലരും വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുക. ഇത് പലപ്പോഴും പരിക്കുകള്‍ സംഭവിക്കാനിടയാക്കുമെന്നാണ് ജിം പരിശീലകര്‍ പറയുന്നത്. വ്യായാമം ചെയ്യുന്ന സമയത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ വാം അപ് ചെയ്യണം.
നിങ്ങളുടെ വ്യായാമ സമയം ഒരു മണിക്കൂര്‍ ആണെങ്കില്‍ 15-20 മിനിറ്റ് വാംഅപിനായി മാത്രം നീക്കിവയ്ക്കുക. നിങ്ങള്‍ വാംഅപ് ചെയ്തില്ലെങ്കില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇത് കടുത്ത വേദനക്കും കാരണമാവും.
ട്രെയ്‌നറുടെ മേല്‍നോട്ടമില്ലാതെയാണ് വീട്ടില്‍ നിന്ന് വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നതെങ്കില്‍ പ്രത്യേകം ശ്രദ്ധവേണം. ഒരേ വ്യായാമം തന്നെ കുറേ നേരം ആവര്‍ത്തിക്കുന്നതും അതല്ല, നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭാരം ഉയര്‍ത്തുന്നതും തെറ്റായ ദിശയിലേക്ക് വ്യായാമം ചെയ്യുകയോ ചെയ്താല്‍ ഇത് പരിക്കുകള്‍ക്ക് കാരണമാകും.
ഏത് വ്യായാമമുറ പരിശീലിക്കുമ്പോഴും വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ചെയ്യുന്നതാണ് നല്ലത്. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. ഒരേ വ്യായാമം സ്ഥിരമായി ചെയ്യുന്നത് ടെന്‍ഡോണൈറ്റിസ് അല്ലെങ്കില്‍ ഷിന്‍ സ്പ്ലിന്റ് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കും. ഓരോ വര്‍ക്ക്ഔട്ടിലും നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ ഗുണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് നമ്മുടെ ആരോഗ്യാവസ്ഥക്ക് അനുസരിച്ചായിരിക്കണം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവാതം, വൃക്കരോഗം അല്ലെങ്കില്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോഴോ മുമ്പോ ഉണ്ടായിരുന്നവരാണെങ്കില്‍ വീട്ടില്‍ നിന്ന് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
തെറ്റായ വ്യായാമമുറകള്‍ പരിശീലിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ വീട്ടില്‍നിന്ന് വ്യായാമം ചെയ്യുന്നവര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ തേടുക.
വ്യയാമങ്ങളുടെ അശ്രദ്ധമൂലം മസിലുകള്‍, ലിഗമെന്റ് എന്നിവക്കാണ് പരിക്കുകള്‍ സംഭവിക്കാറുള്ളത്. ചിലര്‍ക്കാവട്ടെ, ഒടിവുകള്‍, ചതവുകള്‍ എന്നിവയും സംഭവിക്കാറുണ്ട്.
വര്‍ക്ക്ഔട്ട് ചെയ്യാന്‍ മതിയായ സ്ഥലവും വെന്റിലേഷനും ഉള്ള മുറി തെരഞ്ഞെടുക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൈകള്‍ വിടര്‍ത്തി 360 ഡിഗ്രി തിരിക്കുമ്പോള്‍ സ്ഥലമുണ്ടെന്ന് ഉറപ്പുവരുത്തണം. വ്യായാമം ചെയ്യുന്ന നിലം നനവുള്ളതല്ലെന്നും ഉറപ്പുവരുത്തണം.
വ്യായാമത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങാതിരിക്കുക. ഇതുപയോഗിക്കുമ്പോള്‍ പരിക്കുകള്‍ സംഭവിച്ചേക്കാം.
ഗുണനിലവാരമുള്ള ഉപകരണങ്ങളാണെങ്കില്‍ വ്യായാമത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും കൂടുതല്‍ വേഗത്തില്‍ മികച്ച ഫലങ്ങള്‍ കിട്ടാനും സഹായിക്കും. അതുപോലെ തറയില്‍ ഇരുന്നോ കിടന്നോ ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ യോഗ മാറ്റ് ഉപയോഗിക്കുക.
വ്യായാമങ്ങള്‍ക്കിടയില്‍ ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുക. ഇത് നിങ്ങളെ കൂടുതല്‍ ഊര്‍ജസ്വലരാക്കാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."