'വിവാഹത്തിനായുള്ള സമ്മര്‍ദ്ദത്തെ കുറിച്ച് എന്താണ് അഭിപ്രായം' ചോദ്യം ചോദിച്ച് സ്വയം പെട്ട് രാഹുല്‍; കശ്മിര്‍ വിദ്യാര്‍ഥിനികളുമായി നടത്തിയ രസകരമായ സംഭാഷണം കാണാം
ശ്രീനഗര്‍: 'വിവാഹത്തിനായുള്ള സമ്മര്‍ദ്ദത്തെ കുറിച്ച് എന്താണ് അഭിപ്രായം' ചോദ്യം ചോദിച്ചത് വിദ്യാര്‍ഥിനികളോടാണേലും പെട്ടത് രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. തങ്ങളോട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ചോദ്യം നേരെ തിരിച്ചിട്ടു കുട്ടികള്‍. അതോടെ താന്‍ 20- 30 വര്‍ഷമായി ഈ സമ്മര്‍ദ്ദത്തെപാടുപെട്ട് അതിജീവിക്കുകയാണെന്ന് ചിരിയോടെ മറുപടി നല്‍കി അദ്ദേഹം.
ജമ്മു കശ്മീരില്‍ വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയമായിരുന്നു വേദി. ശ്രീനഗറിലെ തുറന്ന ഗ്രൗണ്ടില്‍ ഒരു മേശക്ക് ചുറ്റുമിരുന്നാണ് വിദ്യാര്‍ഥികളോട് രാഹുല്‍ സംവദിച്ചത്. ഗൗരവകരമായ നിരവധി കാര്യങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. യാതൊരു ഔപചാരകതകളുമില്ലാതെ തുറന്ന സംസാരത്തിലൂടെ അദ്ദേഹം വിദ്യാര്‍തിനികളെ കയ്യിലെടുത്തു.
'കശ്മീരിലെ സ്ത്രീകളുടെ വിവേകത്തെയും കരുത്തിനെയും പ്രതിരോധത്തെയും കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്നാല്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ നാം അവര്‍ക്ക് അവസരം നല്‍കുന്നുണ്ടോ?' എന്ന മുഖവുരയോടെയാണ് ചര്‍ച്ച തുടങ്ങിയത്.
വിവിധ കോളജുകളില്‍ നിയമം, ഭൗതിക ശാസ്ത്രം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്ര മീമാംസ എന്നിവ പഠിക്കുന്ന വിദ്യാര്‍ഥിനികളുമായിട്ടായിരുന്നു കൂടിക്കാഴ്ച. കശ്മീരും അവിടെയുള്ള വിദ്യാഭ്യാസ സംവിധാനങ്ങളും നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മോദി ഭരണം, മാധ്യമ സ്വാതന്ത്ര്യം, കശ്മീരിലെ സ്ത്രീകള്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍, സ്ത്രീ സുരക്ഷ, കശ്മീരിന്റെ സംസ്ഥാന പദവി, ഇന്ത്യന്‍ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും കൊല്‍ക്കത്ത ബലാത്സംഗക്കൊലയുടെ പ്രത്യാഘാതങ്ങളും രാഹുലിന്റെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ സമ്മര്‍ദം നേരിടുന്നുണ്ടോ എന്ന് രാഹുല്‍ വിദ്യാര്‍ഥികളോട് അന്വേഷിച്ചത്.
'താങ്കള്‍ക്ക് മേല്‍ സമ്മര്‍ദമില്ലേ' എന്നായിരുന്നു വിദ്യാര്‍ഥികളുടെ മറുചോദ്യം. ഇതോടെ 'എന്നെ കുഴപ്പത്തില്‍ ചാടിക്കാനാണ് ശ്രമമല്ലേ' എന്ന് ചോദിച്ച് പുഞ്ചിരിച്ചുകൊണ്ട് രാഹുല്‍ വിശദീകരണം നല്‍കി. 'ഞാന്‍ 2030 വര്‍ഷമായി ആ സമ്മര്‍ദത്തെ അതിജീവിക്കുകയാണ്' എന്നായിരുന്നു മറുപടി. വിവാഹം നല്ല കാര്യമാണെന്ന് കൂടി പറഞ്ഞതോടെ 'കഴിക്കാന്‍ ആലോചിക്കുന്നുണ്ടോ?' എന്നായി വിദ്യാര്‍ഥികള്‍. 'ഞാന്‍ പ്ലാന്‍ ചെയ്യുന്നില്ല. പക്ഷേ, അത് നടക്കുന്നുണ്ടെങ്കില്‍ നല്ല കാര്യമാണ്....' എന്ന് രാഹുല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തങ്ങളെയും വിവാഹത്തിന് ക്ഷണിക്കണമെന്ന് വിദ്യാര്‍ഥിക്കൂട്ടം ആവശ്യപ്പെട്ടു. തീര്‍ച്ചയായും ക്ഷണിക്കുമെന്ന് രാഹുലും ഉറപ്പ് നല്‍കി.
The women of Kashmir have strength, resilience, wisdom and a whole lot to say.
— Rahul Gandhi (@RahulGandhi) August 26, 2024
But are we giving them a chance for their voices to be heard? pic.twitter.com/11Te8MM5fH
ഈ വര്‍ഷമാദ്യം റായ്ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയും 'എപ്പോഴാണ് വിവാഹം കഴിക്കുന്നത്' എന്ന ചോദ്യം രാഹുല്‍ നേരിട്ടിരുന്നു. വേഗം മറുപടി പറയണമെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരി പ്രിയങ്ക ആവശ്യപ്പെട്ടതോടെ, ഉടന്‍ തന്നെ കഴിക്കും എന്ന് രാഹുല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പട്‌നയില്‍ നടന്ന പ്രതിപക്ഷ റാലിക്കിടെ 'വിവാഹം കഴിക്കൂ, നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്ന് ലാലു പ്രസാദ് യാദവും രാഹുലിനാട് പറഞ്ഞിരുന്നു. 'നിങ്ങള്‍ പറഞ്ഞാല്‍ അത് നടന്നിരിക്കും' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."