എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് എല്ലാവരും രാജി വെച്ചിട്ടില്ല, പിരിച്ചു വിടല്‍ തീരുമാനം ഏകകണ്ഠമല്ല; 'അമ്മ' കൂട്ടരാജിയില്‍ വിയോജിപ്പ്
കൊച്ചി: 'അമ്മ' എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ കൂട്ടരാജിയുണ്ടായിട്ടില്ലെന്ന വെളിപെടുത്തലുമായി അംഗം സരയൂ മോഹന്‍. താനുള്‍പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നാലുപേര്‍ രാജിവെക്കാന്‍ തയ്യറായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമല്ലെന്നും സരയൂ മോഹന്‍ വ്യക്തമാക്കുന്നു. രാജിവെക്കാന്‍ തയാറല്ലെന്ന നിലപാടാണ് യോഗത്തിലും പറഞ്ഞതെന്നും സരയൂ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം രാജിവെച്ചത് 12 പേരാണ്. നാലുപേര്‍ രാജിവെച്ചിട്ടില്ല. സരയൂ മോഹന്‍, അനന്യ, ടൊവീനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് രാജിവെക്കാതിരുന്നതെന്നാണ് വിവരം.
സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ടെന്ന് സരയൂ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിടണമെന്ന തീരുമാനം താന്‍ എടുത്തിട്ടില്ല. എന്നാല്‍, ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോള്‍ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ, രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമല്ല സരയൂ മോഹന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെയാണ് താര സംഘടനയായ 'അമ്മ'യില്‍ ഇന്നലെ കൂട്ടരാജിയുണ്ടായത്. സംഘടനയുടെ ഭരണസമിതിയെ പിരിച്ചുവിട്ടുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടന്‍ മോഹന്‍ലാല്‍ ആദ്യം രാജിവെച്ചു. പിന്നാലെ 17 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംഘടനയില്‍നിന്ന് രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായും അറിയിപ്പുണ്ടാവുകയായിരുന്നു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാന്‍ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ധാര്‍മിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണമുയര്‍ന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് നേരത്തെ രാജിവെച്ചിരുന്നു.
'അമ്മ' കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമര്‍ശിച്ച് ഷമ്മി തിലകന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഉത്തരംമുട്ടിയപ്പോഴുള്ള ഒളിച്ചോട്ടമാണ് കമ്മിറ്റി മുഴുവനായും രാജിവെച്ച നടപടിയെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."