ഭാഗിക വെടിനിര്‍ത്തലില്‍ ഗസ്സയില്‍ ഞായറാഴ്ച പോളിയോ വാക്സിന് നല്കി തുടങ്ങും
ജറുസലേം: ഭാഗിക വെടിനിര്‍ത്തലിന്റെ ആശ്വാസത്തില്‍ ഗസ്സയില്‍ ഞായറാഴ്ച പോളിയോ വാക്സിന് നല്കി തുടങ്ങും മൂന്നു ദിവസത്തെ ഭാഗിക വെടിനിര്‍ത്തലിന് ഇസ്റാഈല്‍ സന്നദ്ധമായതായും സെപ്തംബര്‍ ഒന്നിന് വാക്സിന് നല്കി തുടങ്ങുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 48 മണിക്കൂര്‍ സദാ സന്നദ്ധരായിരിക്കണമെന്നും അവശ്യ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആരോഗ്യ സംഘടന തയവന് സംഘത്തോട് ആവശ്യപ്പെട്ടു.
ഗസ്സയില്‍ ഞായറാഴ്ച മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന് നല്‍കുന്നതിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ അഭ്യര്‍ഥന അംഗീകരിക്കുന്നതായി ഇസ്റാഈല്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. എന്നാല്‍ പോളിയോ വാക്സിന് നല്കുന്ന പ്രദേശങ്ങളില്‍ മാത്രമായിരിക്കും ഭാഗിക വെടിനിര്‍ത്തലെന്നും ഇസ്റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നിശ്ചിത ദിവസത്തേക്ക് പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗസ്സയിലുടനീളം വാക്സിന് നല്കണമെങ്കില് ആക്രമണം നിര്‍ത്തണമെന്ന് യു.എന്‍ രക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു.
നിരന്തരമായി ഗസ്സയില്‍ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ഇസ്റാഈല്‍ നടപടിക്കെതിരെയും രക്ഷാസമിതി മുന്നറിയിപ്പ് നല്കി. അമേരിക്കയും ഇതിനെ പിന്തുണച്ചു. വെസ്റ്റ് ബാങ്കില്‍ തുടരുന്ന ഇസ്റാഈല്‍ അതിക്രമവും യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്തു. ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിലും ഫലസ്തീന് ജനതക്കെതിരെ സയണിസ്റ്റ് സേന തുടരുന്ന ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് രക്ഷാസമിതിയില്‍ ചൈന താക്കീത് നല്കി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുല്ക്റം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ സേന നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ജെനിന്, നബ്ലൂസ്, തുബാസ് നഗരങ്ങളില്‍ സൈനിക നടപടി ഇന്നലെയും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."