കാസര്‍കോട്ട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
പെരിയ: കന്നുകാലികളെ വയലില്‍ മേയ്ക്കാന്‍ പോയ കര്‍ഷകന്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ടു പശുക്കളും മൃതിയടഞ്ഞു. ഇന്ന് രാവിലെ ഏഴോടെ പള്ളിക്കര പാക്കത്താണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവും ക്ഷീര കര്‍ഷകനുമായ പാക്കം ചരല്‍ക്കടവിലെ പടിഞ്ഞാറ്റയില്‍ സി.നാരായണന്‍നായര്‍(55) ആണ് മരിച്ചത്.
രാവിലെ വീട്ടിനടുത്തുള്ള വയലില്‍ മൂന്ന് പശുക്കളെ മേയാന്‍ കെട്ടാന്‍ പോയതായിരുന്നു നാരായണന്‍ നായര്‍. തോട്ടത്തിലൂടെ കടന്ന് പോകുന്ന വൈദ്യുതലൈന്‍ കവുങ്ങ് വീണ് പൊട്ടിയ നിലയിലായിരുന്നു. ചെളിയും കാടും നിറഞ്ഞ ഈ ഭാഗത്ത് ലൈന്‍ പൊട്ടീ വീണത് ശ്രദ്ധയില്‍പെടാതെ വന്നതോടെയാണ് നാരായണന്‍നായര്‍ക്കും പശുക്കള്‍ക്കും ഷോക്കേല്‍ക്കാന്‍ ഇടയായത്. വിരണ്ടോടിയതിനാല്‍ ഒരു പശു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
പശുക്കളുമായി പോകുമ്പോള്‍ പാതി വഴി വരെ നാരായണന്‍ നായരുടെ ഭാര്യയും ഉണ്ടായിരുന്നു. ഇവര്‍ വീട്ടിലേക്ക് തിരിച്ച ഉടനെ നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും വൈദ്യുതി കമ്പിയില്‍ ചുറ്റിയ നിലയില്‍ നാരായണന്‍നായരും പശുക്കളും വീണ് കിടക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഭാര്യ അടുത്ത് നിന്ന് ലഭിച്ച തടിക്കഷണം ഉപയോഗിച്ച് കമ്പി നീക്കി നാരായണന്‍നായരെ മാറ്റി കിടത്തി.
തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാരെത്തി അബോധാവസ്ഥയില്‍ കിടന്ന നാരായണന്‍നായരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒടയംചാല്‍ കോടോത്ത് അയറോട്ടെ ഇ.കുഞ്ഞമ്പുനായരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. കുറച്ചുകാലം പെരിയയില്‍ ചുമട്ട് തൊഴില്‍ നോക്കിയിരുന്ന നാരായണന്‍നായര്‍ ഐ.എന്‍.ടി.യു.സി പള്ളിക്കര മണ്ഡലം പ്രസിഡന്റ്, ജനശ്രീ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഭാര്യ: സുലോചന (ഓമന) ബേക്കല്‍പള്ളിക്കര വനിതാ സഹകരണ സംഘം കലക്ഷന്‍ ഏജന്റാണ്. മക്കള്‍: നയന, അയന (വിദ്യാര്‍ത്ഥി, ബ്രണ്ണന്‍ കോളേജ് തലശ്ശേരി), ഹരിപ്രസാദ്. സഹോദരങ്ങള്‍: സി.കുഞ്ഞിരാമന്‍നായര്‍, ഗോപാലന്‍നായര്‍, കൃഷ്ണന്‍നായര്‍, സാവിത്രി, രുഗ്മിണി, ലീല, സരോജിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."