പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിയാൻ സംവിധാനം; ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കം
അബൂദബി: യു.എ.ഇ വിദേശ കാര്യ മന്ത്രാലയ(മോഫാ)വും ദേശീയ കാലാവസ്ഥാ കേന്ദ്രവും (എൻ.സി.എം) കാലാവസ്ഥയും പ്രകൃതിയും നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ഏർലി വാണിംഗ് സിസ്റ്റം ഫോർ ഓൾ' സംരഭത്തിന് തുടക്കം കുറിച്ചു.
കാലാവസ്ഥാ സാഹചര്യങ്ങളും ദേശീയ പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കാനുള്ളതാണിത്. വിദേശത്തുള്ള യു.എ.ഇ പൗരന്മാർക്കിടയിൽ അവബോധം വളർത്താനും കഠിനമായ പ്രകൃതി, കാലാവസ്ഥാ ദുരന്തങ്ങളിൽ സജീവമായ നടപടികൾ കൈക്കൊള്ളാനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണയിലാണ് ഈ സംരംഭം ഉടലെടുത്തത്.
ആധുനിക സാങ്കേതിക വിദ്യയും കൃത്യമായ ഡാറ്റയും ഉപയോഗിച്ച് പൊതു സുരക്ഷയും പൗരന്മാരുടെ സംരക്ഷണ നിലയും മെച്ചപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത അടിവരയിടുന്ന ഈ സംരംഭം ക്രൈസിസ് മാനേജ്മെൻ്റും ദുരന്ത പ്രതികരണ ശേഷിയും വർധിപ്പിക്കും. കാലാവസ്ഥാ സാഹചര്യങ്ങളും പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കുന്നതിനും പ്രസക്തമായ മുന്നറിയിപ്പുകൾ നൽകുന്നതിനുമായി മോഫയും എൻ.സി.എമ്മും തമ്മിലുള്ള ഈ സംയുക്ത സംവിധാനം മുഖേന, അപകട സാധ്യതകൾ തിരിച്ചറിയാനും സമഗ്രമായ പ്രതികരണ തന്ത്രങ്ങൾ വികസിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാനും വിവരങ്ങളുടെയും ഡാറ്റയുടെയും തടസ്സമില്ലാത്ത കൈമാറ്റവും സാധ്യമാക്കുന്നു.
വിദേശ കാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഫൈസൽ ഈസ ലുത്ഫിയും എൻ.സി.എം ഡയരക്ടർ ജനറലും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു.എം.ഒ) പ്രസിഡൻ്റുമായ ഡോ. അബ്ദുല്ല അഹമ്മദ് അൽ മൻദൂസും സഹകരണ കരാറിൽ ഒപ്പുവച്ചു.വിദേശത്തുള്ള യു.എ.ഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും സഹായം നൽകാനും മോഫാ ടീമുകൾ സദാ സമയം പ്രവർത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."