കോഴിക്കോട് കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ മദ്യപാനിയായ അച്ഛന്‍ കുത്തിക്കൊന്നു
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മകനെ അച്ഛന്‍ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24)യെ ഉറങ്ങിക്കിടക്കുമ്പോള്‍ കുത്തിക്കൊന്നത്. ഉറങ്ങികിടക്കുന്ന മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു ഇയാള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇന്നലെ വൈകുന്നേരം മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നു ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ക്രിസ്റ്റിയെ ജോണി കുത്തിക്കൊല്ലുന്നത്.
നാട്ടുകാരും ബന്ധുക്കളും ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ക്രിസ്റ്റിയുടെ മൃതദേഹം ഉള്ളത്. ജോണിയെ തിരുവമ്പാടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണി സ്ഥിരം മദ്യപാനിയാണെന്നും ബന്ധുവീടുകളില്‍ പോയി ബഹളം വെക്കാറുണ്ടെന്നുമാണ് ലഭിച്ച വിവരങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."