ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ ഒമ്പത് പേർ അറസ്റ്റിൽ
ദുബൈ: പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തി ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന് ഒമ്പത് പേരെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത 343 സിലിണ്ടറുകളും അതോറിറ്റി പിടിച്ചെടുത്തു. ഈ സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിലും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്തതായിരുന്നു. അവ തീപിടിക്കുകയോ, സ്ഫോടനമുണ്ടായി ഗുരുതര കേടുപാടുകളുണ്ടാവുകയോ ചെയ്യാനിടയുള്ളതായിരുന്നു.
സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അനധികൃത വഴിയോര കച്ചവടക്കാരെ പിടികൂടാനുള്ള ദുബൈ പൊലിസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയരക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി പറഞ്ഞു. അപകടമുണ്ടാക്കുന്ന സ്വഭാവങ്ങളിൽ നിന്നും പ്രതിഭാസങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനും പൊതുജന സുരക്ഷയുടെ ഉയർന്ന തലങ്ങൾ കൈവരിക്കാനും ദുബൈ നിവാസികളുടെ തുടർ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങൾ അതോറിറ്റി പിടിച്ചെടുത്തു.
ഈ സിലിണ്ടറുകൾക്ക് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതത്തിനും സംഭരണത്തിനും ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ആവശ്യമാണെന്നും അൽ ഷംസി പറഞ്ഞു. ലൈസൻസുള്ളതും അംഗീകൃതവുമായ കച്ചവടക്കാരിൽ നിന്ന് മാത്രം സിലിണ്ടറുകൾ വാങ്ങാൻ അദ്ദേഹം സമൂഹത്തോട് അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."