ഷാർജ നിക്ഷേപ ഫോറം സെപ്റ്റംബർ 18, 19 തീയതികളിൽ- 80ലധികം ലോകനേതാക്കൾ പങ്കെടുക്കും
ഷാർജ: ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തിൻ്റെ (എസ്.ഐ.എഫ് 2024) ഈ വർഷത്തെ പതിപ്പിന് സെപ്റ്റംബർ 18, 19 തീയതികളിൽ അൽ ജവാഹിർ റിസപ്ഷൻ ആൻഡ് കൺവൻഷൻ സെൻ്ററിൽ തുടക്കമാകും. 'എ ഫ്യൂച്ചറിസ്റ്റിക് വിഷൻ ഫോർ സ്‌മാർട് എക്കോണമീസ്' എന്ന പ്രമേയത്തിൽ ഷാർജ എഫ്.ഡി.ഐ ഓഫിസ് (ഇൻവെസ്റ്റ് ഇൻ ഷാർജ) സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള 80ലധികം മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് ലീഡർമാർ, നിക്ഷേപകർ ഏറ്റവും പുതിയ സാമ്പത്തിക പ്രവണതകൾ, സ്മാർട്ട് സമ്പദ് വ്യവസ്ഥയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) പരിവർത്തനപരമായ പങ്ക്, വ്യവസായങ്ങളിലുടനീളം സുസ്ഥിര വികസനവും വളർച്ചയും നയിക്കാനാവശ്യമായ തന്ത്രങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യും.
ഉൽപാദനത്തിൻ്റെ ഭാവി, കൃഷിയിലെ പുരോഗതി, ലോജിസ്റ്റിക്സിലെ നൂതനതകൾ, ഭക്ഷ്യ സുരക്ഷയും വിതരണ ശൃംഖലാ മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിൽ എ.ഐയുടെ പങ്ക് തുടങ്ങിയ നിർണായക വിഷയങ്ങളിൽ പ്രമുഖ പ്രഭാഷകർ ഉന്നത തല ചർച്ചകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയ്ക്ക് നേതൃത്വം നൽകും. എസ്.ഐ.എഫ് വേദിയിലെത്തുന്ന യു.എ.ഇയിൽ നിന്നുള്ള പ്രമുഖരിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ഷാർജ കാർഷിക-കന്നുകാലി വകുപ്പ് ചെയർമാൻ ഖലീഫ മുസ്ബ അൽ തുനൈജി, ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ശുറൂഖ്) സി.ഇ.ഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ മുഹമ്മദ് ജുമാ അൽ മുഷാർഖ് എന്നിവർ ഉൾപ്പെടുന്നു.
യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിൽ നിന്നുള്ള ശ്രദ്ധേയരായ സി.ഇ.ഒമാരുടെ ഒരു നിരയും സാന്നിധ്യമറിയിക്കും. ബീഹ് ഗ്രൂപ് സി.ഇ.ഒയും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമൽ, എമിറേറ്റ്‌സ് ഡെവലപ്‌മെൻ്റ് ബാങ്ക് സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അൽ നഖ്ബി, ഷാർജ റിസർച്ച്-ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പാർക് സി.ഇ.ഒ ഹുസൈൻ അൽ മഹ്ദി, ഷിറാഅ സി.ഇ.ഒ സാറാ ബിൽ ഹൈഫ് അൽ നുഐമി, ബാങ്ക് ഓഫ് ഷാർജ സി.ഇ.ഒ മുഹമ്മദ് ഖാദിരി, ഫാൽകൺ റോബോട്ടിക്സ് സി.ഇ.ഒ അഹ്മദ് അൽ ദാർവിഷ്, ഗ്രാസിയ ഗ്രൂപ് സി.ഇ.ഒ ഹമദ് അൽ ഹമദ്, ലോക് എ.ഐ ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് അബു ഷൈഖ്, കോയിൻ മെനാ സി.ഇ.ഒ തലാൽ തബ്ബ,
ഉക്തോബ്.ഐ സി.ഇ.ഒ കരീം അയ്യാദ്, പ്രോഗ്നിക ലാബ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഖാലിദ് ശൈഖ്, ഐ സ്‌കൂൾ സഹ സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് ഗാവിഷ്, എംകാൻ സി.ഇ.ഒയും സ്ഥാപകനുമായ ബദർ അൽ ഈസ്സ, അലെസ്ക ടെക്നോളജീസ് യു.എ.ഇ ജനറൽ മാനേജർ അഹ്മദ് ഹമ്മൂദ് എന്നിവരും എത്തിച്ചേരും.
ദ്വിദിന അന്താരാഷ്ട്ര പരിപാടിയിൽ ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ശബ്ദങ്ങൾ കേൾക്കാനാകും. വിദഗ്ധരുടെയും ബിസിനസ്സ് ലീഡർമാരുടെയും വിശിഷ്ടമായ ഒരു നിരയാണ് പരിപാടിക്ക് സാക്ഷ്യം വഹിക്കുക. ഡിജിറ്റൽ എനർജി സ്ഥാപകൻ മോർഗൻ എൽഡ്രെഡ്, അക്കിൻ എ.ഐ സി.ഇ.ഒ ലീസൽ ഇയർസ്ലി, യു.എ.ഇ ആസ്ഥാനമായ ഫാൽകൺസ് എ.ഐ സി.ഇ.ഒ ബോബി സ്റ്റാറ്റൽമാൻ, ലാൻഡ്‌മാർക് ഗ്രൂപ് ചീഫ് ഫിനാൻഷ്യൽ ഓഫിസറും റീടെയ്ൽ സസ്റ്റൈനിബിലിറ്റി ലീഡുമായ രാജേഷ് ഗാർഗ്, റേഡിയോ ഹോസ്റ്റും സംരംഭകനുമായ ക്രിസ് ഫേഡ് എന്നിവരും എത്തുന്നു.
നിക്ഷേപത്തിലും വികസനത്തിലും പ്രാദേശികവും അന്തർദേശീയവുമായ വൈദഗ്ധ്യവും മികവും പ്രദർശിപ്പിക്കാനുള്ള ഫോറത്തിൻ്റെ പ്രതിബദ്ധത എസ്.ഐ.എഫ് കമ്മിറ്റി കോഡിനേറ്റർ ജനറൽ മർവാൻ സാലിഹ് അലിച്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."