കേന്ദ്രത്തിനെതിരായ നിലപാടുകള്‍,എന്‍.ഡി.എ മുന്നണിക്ക് നിരന്തരം തലവേദന; കെ.സി. ത്യാഗി ജെ.ഡി.യു വക്താവ് സ്ഥാനം രാജി വെച്ചു
പട്‌ന: ബി.ജെ.പി നേതൃത്വം നല്‍കുന്ന എ.ഡി.എ മുന്നണിക്ക് നിരന്തരം തലവേദന സൃഷ്ടിച്ച ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വക്താവിന്റെ സ്ഥാനം രാജിവെച്ചത്. ഇദ്ദേഹത്തിന് പകരമായി രാജീവ് പ്രസാദ് രഞ്ജനെ ദേശീയ വക്താവായി പാര്‍ട്ടി പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നിയമിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ നയങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ അഭിപ്രായങ്ങളില്‍ ജെ.ഡി.യു നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയായിരുന്നു ത്യാഗിയുടെ പല പ്രസ്താവനകളും.
ജെ.ഡി.യു വക്താവ് എന്ന നിലയിലുള്ള ത്യാഗിയുടെ പല പരാമര്‍ശങ്ങളും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏകസിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍, അഗ്‌നിപഥ് വിഷയങ്ങളിലും, ഗസ്സ പ്രശ്‌നങ്ങളിലെല്ലാം വ്യത്യസ്ത നിലപാടായിരുന്നു ത്യാഗിയുടേത്.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ത്യാഗിയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ ഭരണത്തിലിരിക്കെ മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കല്‍ പാടില്ലെന്നും നിയമം നടപ്പാക്കും മുമ്പ് എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പറയാനുള്ളത് പാര്‍ട്ടി പരിഷ്‌കരണങ്ങള്‍ക്ക് എതിരല്ലെന്നാണ്. എന്നാല്‍, വിഷയത്തില്‍ ആരൊക്കെ കക്ഷികളാണോ അവരുമായെല്ലാം ചര്‍ച്ച നടത്തണം. എല്ലാ മുഖ്യമന്ത്രിമാരുമായും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും എല്ലാ സാമൂഹിക വിഭാഗങ്ങളുമായെല്ലാം ചര്‍ച്ച നടത്തി സമഗ്രമായൊരു കരടാണു തയാറാക്കേണ്ടത്. എല്ലാവരുമായും വിശദമായി ചര്‍ച്ച നടത്തി പൊതുസമ്മതത്തിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അടിച്ചേല്‍പ്പിക്കലുമുണ്ടാകരുതെന്നും കെ.സി ത്യാഗി പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി പറഞ്ഞിരുന്നു. ഈ നിലപാട് ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് ത്യാഗി അഭിപ്രായപ്രകടനം നടത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ടായിരുന്നു.
ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ അല്‍ ഖുദ്‌സിന്റെ സെക്രട്ടറി ജനറല്‍ മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരോടൊപ്പം ചേര്‍ന്നാണ് ത്യാഗിയും നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താനും ഫലസ്തീനെ പിന്തുണക്കാനും വേണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ ആഗോള തലത്തില്‍ ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് 'ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ അല്‍ ഖുദ്‌സ്'.
തനിക്ക് ഒപ്പം പ്രവര്‍ത്തിച്ച നേതാക്കളെ കുറിച്ച് 'മൈ പ്രസിഡന്റ്‌സ്' എന്ന പേരില്‍ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ത്യാഗി . 'ചൗധരി ചരണ്‍ സിംഗ്, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മുതല്‍ ശരദ് യാദവ്, നിതീഷ് കുമാര്‍ വരെയുള്ള സോഷ്യലിസ്റ്റ് നേതാക്കളെ കുറിച്ചുള്ള വിവരണം പുസ്തകത്തിലുണ്ട്.' - ത്യാഗി പറഞ്ഞു.
ബിഹാറില്‍നിന്നുള്ള മുന്‍ എം.പി കൂടിയാണ് കെ.സി. ത്യാഗി. രാജ്യസഭാ അംഗമായിരിക്കെ വ്യവസായം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. ഒമ്പതാം ലോക്‌സഭയിലെ അംഗമായിരുന്ന സമയത്ത് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെയടക്കം രണ്ട് കമ്മിറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1974ലാണ് കെ.സി. ത്യാഗി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1984ലാണ് ആദ്യമായി ലോക്‌സഭായിലേക്ക് മത്സരിക്കുന്നത്. 73കാരനായ ഇദ്ദേഹം രാഷ്ട്രീയ യാത്രയില്‍ പൂര്‍ണമായും നിതീഷ് കുമാറിന്റെ കൂടെയായിരുന്നു.
In a significant political development, KC Tyagi has stepped down from his role as the JD(U) spokesperson, citing personal reasons
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."