ബ്രൂണെ സുല്‍ത്താനെ കാണാന്‍ സ്വര്‍ണക്കൊട്ടാരത്തിലെത്തി മോദി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി നരേന്ദ്രമോദി. ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും മോദി തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബ്രൂണെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുകയാണ്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധം പുതുക്കുകയുമാണ് രണ്ട് ദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ബ്രൂണെ സന്ദര്‍ശനം. സമ്പത്തിനും ആഡംബര ജീവിതത്തിനും ഹസ്സനല്‍ ബോള്‍കി പേരുകേട്ട സുല്‍ത്താനാണ്. എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ് സുല്‍ത്താന്റെ വരുമാന സ്രോതസ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരണവും ഇദ്ദേഹത്തിന്റേതാണ്. അഞ്ച് കോടി ഡോളറാണ് ഇതിന്റെ മൂല്യം. 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള രാജകുടുംബത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും ധനികരായ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ.
സുല്‍ത്താന്റെ ശേഖരത്തില്‍ 7,000 ആഡംബര വാഹനങ്ങളാണുള്ളത്. ഇവയില്‍, ഏകദേശം 600 റോള്‍സ് റോയ്‌സ് കാറുകളും ഉള്‍പ്പെടും. ഈ നേട്ടം അദ്ദേഹത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെത്തിച്ചു. 450 ഫെരാരികളും 380 ബെന്റ്‌ലികളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോര്‍ഷെ, ലംബോര്‍ഗിനി, മെയ്ബാക്ക്, ജാഗ്വാര്‍, ബിഎംഡബ്ല്യു, മക്ലാരന്‍സ് എന്നിവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഏകദേശം 800 ഡോളര്‍ വിലമതിക്കുന്ന ബെന്റ്‌ലി ഡോമിനാര്‍ എസ്യുവി, ഹൊറൈസണ്‍ ബ്ലൂ പെയിന്റ് ഉള്ള ഒരു പോര്‍ഷെ 911, X88 പവര്‍ പാക്കേജ്, 24 കാരറ്റ് സ്വര്‍ണം പൂശിയ റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍ II എന്നിവയാണ് ഹസ്സനല്‍ ബോള്‍കിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങള്‍. അദ്ദേഹത്തിന്റെ വിലയേറിയ സ്വത്തുകളിലൊന്ന്, സ്വര്‍ണ്ണം കൊണ്ട് രൂപകല്‍പ്പന റോള്‍സ് റോയ്‌സും ഒരു കുടയുമാണ്. 2007ലാണ് തന്റെ മകളായ രാജകുമാരി മജീദയുടെ വിവാഹത്തിനായി സുല്‍ത്താന്‍ സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്‌സ് സ്വന്തമാക്കുന്നത്.
ഇദ്ദേഹത്തിന്റെ കാര്‍ ശേഖരം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട കൊട്ടാരമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ കൊട്ടാരത്തിനാണ്. ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിലാണ് സുല്‍ത്താന്‍ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം പൂശിയാണ് അലങ്കരിച്ചിരിക്കുന്നത്.
കൊട്ടാരത്തില്‍ അഞ്ച് നീന്തല്‍ക്കുളങ്ങളും 1,700 കിടപ്പുമുറികളും 257 കുളിമുറികളും 110 ഗാരേജുകളുമുണ്ട്. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുല്‍ത്താനുണ്ട്. മാത്രമല്ല ഒരു ബോയിങ് 747 വിമാനവും സുല്‍ത്താനു സ്വന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."