സ്വര്‍ണക്കടത്ത്: 'പൊട്ടിക്കലു'കാരെ പൊക്കി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 'തടവില്‍'
കോഴിക്കോട്: സ്വര്‍ണക്കടത്തിനു പിന്നില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ഓരോന്നായി പുറത്തുവരുമ്പോഴും 'പൊട്ടിക്കല്‍' സംഘത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 'തടവില്‍' തന്നെ. 400ഓളം പേരുടെ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടാണ് തുടര്‍ നടപടികള്‍ക്ക് വിധേയമാക്കാതെ പൂഴ്ത്തിയത്. സ്വര്‍ണം നഷ്ടമായവരോ മര്‍ദനമേറ്റവരോ പരാതി നല്‍കാത്ത സാഹചര്യത്തിലായിരുന്നു 2021ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സ്വമേധയാ കേസെടുക്കുകയും സ്വര്‍ണക്കടത്തിനു പിന്നിലെ മാഫിയാബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തത്.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിനായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതല. പ്രധാനമായും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തെ കുറിച്ചായിരുന്നു അന്വേഷണം. വിദേശത്തുനിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുന്ന കാരിയര്‍മാരില്‍നിന്ന് സ്വര്‍ണം മോഷ്ടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ വിവിധ ജില്ലകളിലുണ്ടായിരുന്നു. ഗുണ്ടാസംഘങ്ങളായ ഇത്തരം പൊട്ടിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടായില്ല.
സ്വര്‍ണം കൊണ്ടുവരുന്നതിനിടെ മോഷ്ടിക്കപ്പെട്ട സംഭവങ്ങളില്‍ ഇരകളായവരില്‍നിന്ന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ പേരില്‍ പലരും കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലില്‍ കാപ്പ കേസ് പ്രതികളുള്‍പ്പെടെ ഇത്തരം പൊട്ടിക്കല്‍ സംഘത്തിന്റെ ഭാഗമായുണ്ടായിരുന്നതായി അന്നത്തെ അന്വേഷണ സംഘത്തിലുള്ളവര്‍ പറയുന്നു. കാപ്പാ കേസില്‍ ഉള്‍പ്പെട്ടവരുടെയും സ്ഥിരമായി സ്വര്‍ണക്കടത്തിലും പൊട്ടിക്കലിലും ഉള്‍പ്പെട്ടവരുടെയും വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരേ കാപ്പാ ചുമത്തണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഏകദേശം 400ഓളം പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പൊട്ടിക്കല്‍ സംഘത്തിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ എത്തിച്ച കടത്തുസ്വര്‍ണം തട്ടിയെടുക്കാനുള്ള ക്വട്ടേഷന്‍ ടീമായി പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്നിറങ്ങിയ 15 യുവാക്കളില്‍ അഞ്ചുപേരാണ് 2021ല്‍ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."