അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യണ്ട; ഡി.ജി.പി.യ്ക്ക് വിചിത്ര കത്തുമായി എ.ഡി.ജി.പി അജിത് കുമാർ, അന്വേഷണത്തിൽ ഇടപെടൽ
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ പുറത്തുവിട്ട ആരോപണങ്ങളിൽ തനിക്കെതിരായ അന്വേഷണത്തിൽ വിചിത്ര കത്തുമായി എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഡി.ജി.പിയ്‌ക്കാണ് കത്ത് നൽകിയത്. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐ.ജിയും ഡി.ഐ.ജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് അജിത് കുമാർ കത്തിൽ പറയുന്നത്. രണ്ട് ഉദ്യോഗസ്ഥരും ഡി.ജി.പിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ആവശ്യം.
അന്വേഷണം കഴിയും വരെ ഐ.ജിയും ഡി.ഐ.ജിയും ഡി.ജി.പിയെ നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതി. കീഴുദ്യോഗസ്ഥരായ അന്വേഷണ സംഘം തന്നെ റിപ്പോർട്ട് ചെയ്യേണ്ടിതില്ലെന്നാണ് എ.ഡി.ജി.പി നൽകിയ കത്തിലെ വിചിത്ര വാദം. ഇത്തരം കാര്യങ്ങളിൽ സർക്കാരോ ഡി.ജി.പിയോ ആണ് നിർദ്ദേശം നൽകേണ്ടത്. എന്നാൽ ഈ സംവിധാനങ്ങളെ മറികടന്നാണ് എ.ഡി.ജി.പിയുടെ കത്ത്. ഇന്നലെയാണ് കത്ത് നൽകിയത്.
അതേസമയം, ആർ.എസ്.എസ് ബന്ധം ഉൾപ്പെടെ ഗുരുതര ആരോപണം നേരിടുന്ന എ.ഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ആരോപണ വിധേയനായ പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. സമാന നടപടി എ.ഡി.ജി.പിയ്ക്ക് നേരെ ഉണ്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഡി.ജി.പിയുടെ നിർദേശപ്രകാരം ഡി.ഐ.ജി അജിത ബീഗം നടത്തിയ അന്വേഷണത്തിൽ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സുജിത് ദാസിനെതിരേ നടപടിയെടുത്താൽ അജിത് കുമാറിനേയും പി.ശശിയേയും മാറ്റി നിർത്തേണ്ടിവരുമെന്നതിനാൽ മുഖ്യമന്ത്രി നടപടിക്ക് മുതിർന്നിരുന്നില്ല. പത്തനംതിട്ട എസ്.പി സ്ഥാനത്തുനിന്ന് സുജിത് ദാസിനെ മാറ്റുക മാത്രമാണ് ചെയ്തത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റാതെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു.
ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നു പി.വി അൻവർ പരസ്യമായി പ്രഖ്യാപിക്കുകയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി കൈമാറുകയും ചെയ്തതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനായതെന്നാണ് സൂചന.
A.D.G.P Ajith Kumar states in a letter that the I.G. and D.I.G. involved in the investigation should not report to him but instead directly to the D.G.P.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."